പുതുച്ചേരി: മകള്‍ അന്യമതസ്ഥനെ വിവാഹം കഴിക്കുന്നതില്‍ ദുരഭിമാനം പൂണ്ട പിതാവ് മകളെയും ഭാര്യയെയും വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. പുതുച്ചേരി പെരിയാര്‍ നഗര്‍ സ്വദേശി ബാലകൃഷ്ണനാണ്(60) മകള്‍ ദീപയെ(23)യും ഭാര്യ വനജയെ(53)യും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. അടുത്തമാസം 23-ന് ദീപയുടെ വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം.
ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട യുവാവുമായാണ് ദീപയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യമറിഞ്ഞത് മുതല്‍ ബാലകൃഷ്ണന്‍ ബന്ധത്തെ എതിര്‍ത്തു. മകളെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനായി രണ്ടാഴ്ച മുന്‍പ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു. ആശുപത്രികിടക്കയിലും മകളെയും ഭാര്യയെയും കൊല്ലുമെന്നായിരുന്നു ബാലകൃഷ്ണന്റെ ഭീഷണി.
കഴിഞ്ഞദിവസം രാത്രി മകളുടെ വിവാഹത്തെചൊല്ലി ഭാര്യയുമായും മകളുമായും ബാലകൃഷ്ണന്‍ വഴക്കിട്ടിരുന്നു. ഇതിനിടെയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയത്. ഭാര്യയെയും മകളെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ശേഷം ബാലകൃഷ്ണന്‍ സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങി ജീവനൊടുക്കിയത്.
പിറ്റേദിവസം ഇവരുടെ ബന്ധുക്കള്‍ ദീപയെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പിന്നീട് ബന്ധുക്കള്‍ അയല്‍വാസികളെ വിളിച്ചുചോദിച്ചു. തുടര്‍ന്ന് അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
Content Highlights: man killed daughter and wife and commits suicide in puducherry