ഷൂസിലും സോക്‌സിലുമായി 22 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമം, പെരുന്ന സ്വദേശി പിടിയിൽ


നിഖിൽ നാരായണൻ

1 min read
Read later
Print
Share

മാല പിടിച്ചെടുത്തപ്പോൾ സന്തോഷം പ്രകടിപ്പിച്ചത് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.

തിരുവനന്തപുരം: അടിവസ്ത്രത്തിലും ഷൂസിലും സോക്‌സിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി വിമാനയാത്രക്കാരൻ പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി മുഹമ്മദ് ഹിഷാമി(25) നെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. 662 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്.

ഞായറാഴ്ച രാവിലെ ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. മെറ്റൽഡിറ്റക്ടർ സംവിധാനത്തിലൂടെ പുറത്തേക്ക് കടക്കുന്നതിനിടെ ബീപ്പ് ശബ്ദം ഉയർന്നതിനെ തുടർന്ന് എയർകസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചു. തന്റെ പക്കൽ ഒരു മാല മാത്രമാണ് ഉള്ളതെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. മാല പിടിച്ചെടുത്തപ്പോൾ സന്തോഷം പ്രകടിപ്പിച്ചത് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.

തുടർന്ന് ഇയാളെ മുറിക്കുള്ളിലെത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിലും സോക്‌സിലും ഷൂസിലും സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. മാലകളും വളകളും ബിസ്‌ക്കറ്റുകളുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഡിസംബറിൽ സന്ദർശക വിസയിലാണ് ഇയാൾ ഷാർജയിലേക്ക് പോയത്.

സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണികളിലൊരാളാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു. പിന്നീട് കസ്റ്റംസ് ഇയാളെ അറസ്റ്റുചെയ്തു. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു രാജ മിൻറ്റിയൂവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർ എസ്.സിമി, സൂപ്രണ്ടുമാരായ ജയരാജ്, പ്രമോദ്, ഇൻസ്പെക്ടർമാരയ ജോസഫ്, സിയാദ് എന്നിവരാണ് ഇയാളെ പിടികൂടിയത്.

Content Highlight: man arrested with 22 lakh gold

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram