കൊല്ലം: ഗള്‍ഫ് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും കവര്‍ച്ചയും തൊഴിലാക്കിയ സംഘത്തിലെ പ്രധാന പ്രതി കൊല്ലത്ത് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനില്‍ എന്ന അനിലാല്‍ അബ്ദുള്‍ വാഹിദ് (42) ആണ് പിടിയിലായത്. ഇയാളുടെ മുന്‍ഭാര്യ കൊല്ലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം എസ്.െഎ. ആര്‍.ബിജുവാണ് തൃശ്ശൂരില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ ചൊവ്വാഴ്ച രാത്രി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്ത കവര്‍ച്ചക്കേസ് അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
ജെയിംസ്, ആന്റണി, ഹരികൃഷ്ണന്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കൂടുതല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് എസ്.െഎ. ബിജു പറഞ്ഞു.വിവാഹപ്പരസ്യങ്ങളില്‍ രണ്ടാം വിവാഹത്തിനുള്ള അപേക്ഷകള്‍ക്ക് മറുപടിനല്‍കുകയും അവരെ വിവാഹം ചെയ്ത് സ്വര്‍ണവും പണവും തട്ടിയെടുക്കുകയും പറ്റുന്നവരെ ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
പരാതിനല്‍കിയ കൊല്ലത്തുകാരി ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ആളാണ്. 20 ലക്ഷംരൂപയും 40 പവനുമാണ് ഇവരില്‍നിന്ന് ഇയാള്‍ തട്ടിയെടുത്തത്. നാലില്‍ കൂടുതല്‍പ്പേരെ ഇയാള്‍ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് പോലീസിനുകിട്ടിയ വിവരം.
വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് തൃശ്ശൂരില്‍ മുന്‍പ് അറസ്റ്റിലായ സീന ഇയാളുടെ സംഘത്തിലെ പ്രധാനിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദുബായില്‍ മലയാളിയായ ബിസിനസുകാരന്റെ വീട്ടുവേലക്കാരിയെ സ്വാധീനിച്ച് പാവക്ക ജ്യൂസില്‍ മയക്കുമരുന്നുനല്‍കി വ്യവസായിയെ നഗ്‌നനാക്കി വീട്ടുവേലക്കാരിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തിനുപിന്നിലും ഇയാളാണെന്ന് പരാതിക്കാരി പോലീസിന് മൊഴിനല്‍കി.
അപമാനഭാരം കാരണം വ്യവസായി പരാതി നല്‍കിയില്ല. 2015 നവംബറിലാണ് അനില്‍ പരാതിക്കാരിയെ വിവാഹം ചെയ്തത്. ആദ്യബന്ധത്തില്‍ ഈ സ്ത്രീക്ക് ഒരു മകളുണ്ട്. നാലുവട്ടം ഈ സ്ത്രീയെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് അനിലിന്റെ നീക്കങ്ങളില്‍ പരാതിക്കാരിക്ക് സംശയം തോന്നിയത്. ഗള്‍ഫില്‍ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്.