തിരുവനന്തപുരം: എല്ലാ തീവ്രവാദ കേസുകൾക്കും യു. എ.പി. എ. ചുമത്താറില്ലെന്നും ഇത് ദുരുപയോഗം ചെയ്യേണ്ട ഒരു നിയമമല്ലെന്നും ഡി.ജി.പി ലോക് നാഥ് ബെഹ്റ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന്റെ ഫെയ്സ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎപിഎ നിയമം എല്ലായ്‌പോഴും തീവ്രവാദ കേസുകളാകണമെന്നില്ല. നിരോധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യുഎപിഎയില്‍ വരും. കേരളത്തില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് യുഎപിഎ വരുന്നത് കുറവാണ്. യുഎപിഎ ചുമത്തുമ്പോള്‍ അത് നിയമപരമായി നിലനില്‍ക്കുമോ എന്ന് ഉറപ്പുണ്ടാകണമെന്നില്ല. പിന്നീട് പരിശോധിക്കുമ്പോള്‍ നിലനില്‍ക്കില്ലെങ്കില്‍ അത് ഒഴിവാക്കും. അതാണ് രീതി.
കൊല്ലത്തെ കമല്‍ ചാവറയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നല്ലാതെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത ശരിയല്ല. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണം ഇനി നടത്തേണ്ടതുണ്ട്.
ആദിവാസി കേന്ദ്രങ്ങളില്‍ മാവോയിസ്റ്റുകളെ കണ്ട സംഭവത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാദിറിനെ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തോന്നി. പോലീസ് സംശയിച്ച സ്ഥലങ്ങളില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായതിനാല്‍ നാദിറിനെ വിട്ടയയ്ക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം നടപടികള്‍ വേണ്ടിവരും. ഇക്കാര്യത്തില്‍ അറസ്റ്റ് ചെയ്തു എന്ന രീതിയില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാവോയിസ്റ്റ് സാന്നിധ്യത്തെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണം. അഞ്ച് ജില്ലകളില്‍ പോലീസ് പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്‌ററ് സാന്നിധ്യം ഇല്ലാതാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും.നമ്മുടെ കുട്ടികള്‍ സുരക്ഷിതമായ സമൂഹത്തില്‍ വളരണം. കേരളത്തിലെ ജില്ലകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളായി മാറാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ഡിജിപി സൂചിപ്പിച്ചു.
പോലീസിന്റെ സദാചാര പോലീസിങ് അനുവദിക്കില്ല. പോലീസ് സേനയിലെ ഒരു ശതമാനത്തില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കു സംഭവിക്കുന്ന പിഴവ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ പോലീസ് സേനയുടെ മുഴുവന്‍ പ്രതിച്ഛായയാണ് നഷ്ടപ്പെടുന്നത്.പോലീസ് ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പലപ്പോഴും ജനങ്ങളെ ബോധിപ്പിക്കാറില്ല. സംസ്ഥാനത്ത് പോലീസ് കൂടുതല്‍ കാര്യക്ഷമമായും ജനക്ഷേമകരമായും പ്രവര്‍ത്തിക്കേണ്ടതുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റാണ്. സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് വശമാണ് ഇതിനു കാരണം. മലപ്പുറം ജില്ലയിലെ ഒരു കേസില്‍ അന്വേഷണം നടത്തിയിരുന്നു. ഇത്തരം കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്.
സ്ത്രീ സുരക്ഷയ്ക്കായി കേരള പോലീസ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് ജനങ്ങള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ അറിയിക്കണം. കേരള പോലീസിനെ കൂടുതല്‍ കാര്യക്ഷമമാക്കി മാറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം www.facebook.com/mathrubhumidotcom എന്ന ഫെയ്സ്ബുക്ക് പേജിൽ ലഭിക്കും.