മംഗലപുരം: പതിനേഴുവയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയകേസില്‍ ഒരു സ്ത്രീയുള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റിലായി.
പത്ത് ദിവസത്തോളം പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. കേസിലെ നാലാംപ്രതി ആലപ്പുഴ തുമ്പോളി മംഗലത്ത് അരയച്ചേരി വീട്ടില്‍ പ്രിയയെന്നും ബെറ്റിയെന്നും വിളിക്കുന്ന ഫിലോമിന (38), അഞ്ചാംപ്രതി കൊല്ലം ചവറ തെക്കുംഭാഗം കോയിവിള ജാന്‍സി ഭവനില്‍ സുനില്‍ ജോണ്‍ (40), ഏഴാംപ്രതി കാട്ടായിക്കോണം വാഴവിള 'തിരുവാതിര'യില്‍ പ്രവീണ്‍ (34), എട്ടാംപ്രതി പുല്ലമ്പാറ പാലാംകോണം ഈന്തിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അനൂപ് കൃഷ്ണന്‍ (26), ഒമ്പതാംപ്രതി നെല്ലനാട് പനയറ മാണിക്കല്‍ മുസ്ലിം പള്ളിക്ക് സമീപം തടത്തരികത്ത് വീട്ടില്‍ അനീബ് റാഫി (24), പത്താംപ്രതി കണിയാപുരം ചാലില്‍ ലക്ഷംവീട്ടില്‍ അബു (34), പതിനൊന്നാംപ്രതി കാട്ടായിക്കോണം ചന്തവിള അനശ്വര റസിഡന്‍സിയില്‍ ഷമി മന്‍സിലില്‍ ഷാക്കീര്‍ (34), പന്ത്രണ്ടാംപ്രതി കാട്ടായിക്കോണം ആലുവിള വീട്ടില്‍ പ്രമോദ് (47), പതിമൂന്നാംപ്രതി പോത്തന്‍കോട് നേതാജിപുരം ഷിഫിന്‍ മന്‍സിലില്‍ ഷെരീഫ് (37), എയര്‍പോര്‍ട്ട് ശ്രീചിത്തിരനഗര്‍ സൗപര്‍ണികയില്‍ നിന്നു പാങ്ങപ്പാറ പേരൂര്‍ ഷെവറോണ്‍ റിവുലറ്റില്‍ താമസിക്കുന്ന രതീഷ്‌കുമാര്‍ (34), പതിനാറാം പ്രതി ചേങ്കോട്ടുകോണം തുണ്ടത്തില്‍ വീട്ടില്‍ അജു എന്നു വിളിക്കുന്ന അജയകുമാര്‍ (38) എന്നിവരാണ് പിടിയിലായത്.
കാമുകനും കൂട്ടുകാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ആറ്റിങ്ങലിലെത്തിച്ച് ഓട്ടോ ഡ്രൈവറായ ഇടനിലക്കാരന്‍ മുഖേന പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി.
പെണ്‍വാണിഭം നടത്തുന്ന പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലുള്ള വീട്ടില്‍ എത്തിച്ചു. ബന്ധുവീടാണെന്ന് പറഞ്ഞാണ് ഇവിടെ എത്തിച്ചത്. ഇവിടെ വച്ച് ഓട്ടോക്കാരനായ ഇടനിലക്കാരനും സുനിലും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രിയയും സുനിലും ചേര്‍ന്ന് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക ചൂഷണം നടത്തിയെന്ന് പോലീസ് പറഞ്ഞു.
ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് കഴക്കൂട്ടത്ത് എത്തിയ പെണ്‍കുട്ടി വീട്ടുകാരെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി മംഗലപുരം പോലീസിന് പരാതി നല്‍കിയത്.
പത്ത് ദിവസം പതിനാറുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അഞ്ചുപേരെ കൂടി പിടികിട്ടാനുണ്ട്. ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, പട്ടികജാതി- പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫിന്‍ അഹമ്മദിന്റെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ എ.എസ്.പി. ആര്‍. ആദിത്യയ്ക്കാണ് കേസിന്റെ അന്വേഷണച്ചുമതല.