കണ്ണൂര്‍: സി.പി.എം. പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കുഴിച്ചാലില്‍ മോഹനന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. പാതിരിയാട് കനക നിവാസില്‍ മിനീഷ് (32), ഓടക്കാടിലെ പ്രിയേഷ് (23), കീഴത്തൂരിലെ ശ്രീനിലേഷ് (26) എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ. കെ.പി.സുരേഷ് ബാബു അറസ്റ്റുചെയ്തത്.
പിണറായിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ തടവ് ശിക്ഷയനുഭവിച്ചയാളാണ് ശ്രീനിലേഷ്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ ഇയാളുടെ ജാമ്യം റദ്ദ്ചെയ്ത് വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കൂത്തുപറമ്പ് സി.ഐ. ജയിലിലെത്തി ശ്രീനിലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രതികളെന്ന് സി.ഐ. പറഞ്ഞു.
കൂത്തുപറമ്പ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മിനീഷിനെയും പ്രിയേഷിനെയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനന്‍ ഷാപ്പിനകത്ത് വെട്ടേറ്റുമരിച്ചത്. സംഭവത്തില്‍ നേരത്തേ ആറ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.
Share this Article