ലൈവ് ചാറ്റിലൂടെ പരിചയം; സെക്‌സ് റാക്കറ്റിന്റെ വലയിലാകും മുമ്പേ രക്ഷപ്പെടല്‍


2 min read
Read later
Print
Share

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ പെണ്‍കുട്ടി വീഴുകയായിരുന്നു

കൊച്ചി: ഒരു രാത്രികൂടി കഴിഞ്ഞിരുന്നെങ്കില്‍ വടുതലയില്‍ നിന്നുള്ള പെണ്‍കുട്ടിയെ ഉത്തരേന്ത്യന്‍ യുവാവ് സെക്‌സ് റാക്കറ്റിന് കൈമാറിയേനെയെന്ന് വ്യക്തമായി. രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശിയായ മഹേഷ് ബവറുലാല്‍ ഉപാധ്യായ എന്ന ലക്കി ശര്‍മ (35) യെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ വെളിച്ചത്തായത്. നോയിഡയില്‍ അറസ്റ്റിലായ ഇയാളെയും പെണ്‍കുട്ടിയെയും വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിച്ചു. രാജസ്ഥാന്‍കാരനാണെങ്കിലും ഇയാളുടെ ആധാര്‍ മുംബൈയില്‍ നിന്നാണ് എടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്ന് 15 വര്‍ഷം മുമ്പ് കൊച്ചി വടുതലയിലേക്കു കുടിയേറിയ കുടുംബത്തിലെ ഇരുപതുകാരിയാണ് ചതിക്കപ്പെട്ടത്. ലൈവ് ചാറ്റ് നടത്താന്‍ കഴിയുന്ന ആപ്പിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. ബോളിവുഡ് സിനിമ നിര്‍മാതാവ് ലക്കി ശര്‍മ എന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞത്. അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ കുട്ടി വീണു. ഒരുപാട് നടന്മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇതിനു തെളിവായി പ്രതി കാണിച്ചത്. സിനിമകളില്‍ തിരക്കഥകള്‍ കേട്ട് എഴുതിക്കൊടുക്കുന്ന ജോലി ഇയാള്‍ ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 'സ്‌ക്രിപ്റ്റ് റൈറ്റര്‍' എന്നാണ് പ്രതി പോലീസിനോടും പറഞ്ഞത്.

ഡല്‍ഹിയില്‍ എത്തിയാല്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ പെണ്‍കുട്ടി വീണു. വീട്ടുകാര്‍ ആദ്യം മടിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി. കഴിഞ്ഞ 15 ന് മംഗളൂരുവില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ ഇയാളെ ഏല്പിച്ചു. കുട്ടിക്ക് ഡല്‍ഹിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്താണ് അയാള്‍ എത്തിയിരുന്നത്. നോയിഡയിലെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച കുട്ടിയുടെ ചിത്രങ്ങളെടുത്തു. സിനിമയ്ക്കു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു എല്ലാം. പിന്നീട് കുട്ടിയെ പീഡിപ്പിച്ചു. പിടിക്കപ്പെടുന്ന 21 ന് തലേന്ന് ഒരു സംവിധായകന്‍ വരുമെന്നും അയാള്‍ പറയുന്നതെല്ലാം ചെയ്താല്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്നും പറഞ്ഞു.

എന്നാല്‍ കുട്ടി ബഹളം വച്ചതിനാല്‍ ഇതിനു സാധിച്ചില്ല. 22 ന് ഗ്രേറ്റര്‍ നോയിഡയിലെ സെക്‌സ് റാക്കറ്റിന് കുട്ടിയെ കൈമാറാന്‍ തീരുമാനിച്ചിരുന്നതായി ഇയാള്‍ പോലീസിനു മൊഴി നല്‍കി. പെണ്‍കുട്ടിയെ കൈയില്‍ക്കിട്ടിയതിന്റെ പിറ്റേന്നുതന്നെ ഇയാള്‍ മാതാപിതാക്കളെ വിളിച്ച് അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ പെണ്‍വാണിഭക്കാര്‍ക്കു വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് കുട്ടി അറിഞ്ഞില്ല.

ഭയന്നുപോയ വീട്ടുകാര്‍ ആദ്യം 50,000 രൂപ അക്കൗണ്ടിലിട്ടു. 17 ന് കമ്മിഷണര്‍ എം.പി. ദിനേശിനു പരാതി നല്‍കുകയായിരുന്നു. പത്തു മിനിറ്റിനകം എഫ്.ഐ.ആര്‍. ഇട്ടു. രാത്രിതന്നെ നോര്‍ത്ത് എസ്.ഐ. വിബിന്‍ ദാസും സീനിയര്‍ സി.പി.ഒ. വിനോദ് കൃഷ്ണയും വിമാനത്തില്‍ നോയിഡയിലേക്കു പോകുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram