അടിമാലി: പതിനാലാം മൈല്‍ സ്വദേശി കുഞ്ഞന്‍പിള്ളയെ വെട്ടിക്കൊന്ന് കൃഷിയിടത്തില്‍ തള്ളിയ സംഭവത്തില്‍ സമീപവാസികളായ മൂന്നുപേര്‍ അറസ്റ്റില്‍. പതിനാലാം മൈല്‍ പെരുണൂച്ചാല്‍ പൊട്ടയ്ക്കല്‍ വിനോദ്(കുട്ടന്‍-47), ഇയാളുടെ മകന്‍ വിഷ്ണു(ചിക്കു-27), വിഷ്ണുവിന്റെ ഭാര്യാസഹോദരന്‍ പെരുണൂച്ചാല്‍ മഠത്തില്‍ വിഷ്ണു(23) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമിതികള്‍ രൂപവത്കരിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ മെയ് 13-ന് വീടിന് സമീപമുള്ള നടപ്പാതയോടുചേര്‍ന്നുള്ള കൃഷിയിടത്തിലാണ് കുഞ്ഞന്‍പിള്ളയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ശരീരത്തില്‍ നിന്ന് വേര്‍പെടാറായ നിലയിലായിരുന്നു. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അടക്കം നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പോലീസിന് യാതൊരു തുമ്പും ആദ്യം ലഭിച്ചില്ല. എന്നാല്‍, ചോദ്യംചെയ്യലില്‍ പ്രതികളുടെ മൊഴികളിലുള്ള വൈരുധ്യം ഇവരെ കുടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
മരിച്ച കുഞ്ഞന്‍പിള്ളയുടെ ഇളയ മകന്‍ മനു കഴിഞ്ഞ ജനുവരി മാസത്തില്‍ ഒരു പീഡനക്കേസില്‍ പ്രതിയായിരുന്നു. ഇപ്പോള്‍ പിടിയിലായിരിക്കുന്ന മൂന്ന് പേരുടെയും ബന്ധുവായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മകനെ രക്ഷിക്കാന്‍വേണ്ടി കുഞ്ഞന്‍പിള്ള പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും മൂന്ന് ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍ക്കാമെന്ന് ധാരണയുണ്ടാക്കി. എന്നാല്‍, പറഞ്ഞ തുക നല്‍കാന്‍ കുഞ്ഞന്‍പിള്ളയ്ക്ക് കഴിഞ്ഞില്ല. ഇതേച്ചൊല്ലി കുഞ്ഞന്‍പിള്ളയും മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
കൂടാതെ കുഞ്ഞന്‍പിള്ള ഇവരോട് പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇടുക്കി പോലീസ് ചീഫ് കെ.ബി.വേണുഗോപാല്‍ പറഞ്ഞു.ഇളയ മകനോടൊപ്പം താസമിക്കുന്ന കുഞ്ഞന്‍പിള്ള ദിവസവും ഒരേ വഴിയിലൂടെയാണ് ജോലിക്ക് പോകുന്നത്. ഇത് പ്രതികള്‍ക്ക് അറിയാമായിരുന്നു. സംഭവദിവസം പ്രതികള്‍ ആയുധങ്ങളുമായി വഴിയരികില്‍ കാത്തുനിന്നു.
കുഞ്ഞന്‍പിള്ള വന്നപ്പോള്‍ തടഞ്ഞുനിര്‍ത്തി പണം നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. കുഞ്ഞന്‍പിള്ള ഇവരോട് കയര്‍ത്തു. ഇതോടെ ഒന്നാം പ്രതിയായ മഠത്തില്‍ വിഷ്ണു വാക്കത്തിയുടെ മാടിന് കുഞ്ഞന്‍പിള്ളയുടെ കഴുത്തിന് വെട്ടി. പ്രാണരക്ഷാര്‍ഥം കുഞ്ഞന്‍പിള്ള ഓടി. പ്രതികള്‍ പിന്നാലെയെത്തി കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞന്‍പിള്ളയുടെ ദേഹത്ത് 27 മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രണ്ടായിരം പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 500 പേരുടെ മൊഴി രേഖപ്പെടുത്തി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെയെന്ന് പ്രതികള്‍ പോലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവ അടുത്ത ദിവസം കണ്ടെടുക്കും. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ മൂന്നാര്‍ ഡിവൈ.എസ്.പി. ഡി.വി.സുനീഷ് ബാബു, അടിമാലി സി.ഐ. പി.കെ.സാബു, അടിമാലി എസ്.ഐ.അബ്ദുള്‍ സത്താര്‍, എ.എസ്.ഐ.മാരായ സി.ആര്‍.സന്തോഷ്, സജി എന്‍.പോള്‍, സി.വി.ഉലഹന്നാന്‍, എം.എം.ഷാജു എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രതികളെ തിങ്കളാഴ്ച കോടതയില്‍ ഹാജരാക്കും.
സംശയനിഴല്‍ ഒഴിഞ്ഞു; കുഞ്ഞന്‍പിള്ളയുടെ ബന്ധുക്കള്‍ക്ക് ആശ്വാസം
കുഞ്ഞന്‍പിള്ള വധക്കേസിലെ പ്രതികള്‍ പോലീസിന്റെ പിടിയിലായതോടെ ആശ്വസിക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും. കൊലപാതകം നടന്ന അന്നുമുതല്‍ സംശയത്തിന്റെ നിഴലിലായിരുന്നു ഇവര്‍. ഈ രീതിയിലായിരുന്നു പോലീസിന്റെ അന്വേഷണവും. ഇത്തരത്തില്‍ പ്രചാരണം നാട്ടില്‍ നടത്തിയത് പ്രതികള്‍തന്നെയായിരുന്നു.
കുഞ്ഞന്‍പിള്ളയുടെ മരണം നടന്നിട്ട് 64 ദിവസം പിന്നിട്ടു. പ്രതികളിലേക്ക് പോലീസിന് എത്താന്‍ കാലതാമസം ഉണ്ടായതിന് കാരണവും ഈ പ്രചാരണമായിരുന്നു. കുഞ്ഞന്‍പിള്ളയുടെ കുടുംബക്കാരെ ഏതാനും ദിവസം സ്റ്റേഷനില്‍ ചോദ്യംചെയ്തിരുന്നു. പ്രതികളെ പിടികൂടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുവരെയും ഇത് തുടര്‍ന്നു. ഇതിനെല്ലാം പ്രതികള്‍ ദൃക്സാക്ഷികളായിരുന്നു. പ്രതികള്‍ പോലീസിന്റെ പിടിയിലായതോടെ നാളുകളായി വേട്ടയാടിയ ആരോപണങ്ങളാണ് ഒഴിഞ്ഞുപോകുന്നത്.
കുടുങ്ങിയത് സ്‌പെക്ട്രയിലൂടെ
കൊലക്കേസിന് തുമ്പുണ്ടാക്കിയത് പോലീസിന്റെ സ്പെക്ട്ര പരിശോധന. ഒരേ സമയം ആയിരക്കണക്കിന് മൊബൈല്‍ നമ്പരുകള്‍ പരിശോധന നടത്താവുന്ന ആധുനിക സംവിധാനമാണ് സ്പെക്ട്ര. കുഞ്ഞന്‍പിള്ള വധക്കേസില്‍ അന്വേഷണത്തിന് പോലീസ് ഇത് ഉപയോഗിച്ചു.
സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമാണ് ഈ സംവിധാനം ഉള്ളത്. വിവാദമായ ജിഷ വധക്കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞതും ഈ സംവിധാനം വഴിയാണ്.
കുഞ്ഞന്‍പിള്ള വധക്കേസില്‍ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്ന ആയിരത്തോളം പേരുടെ മൊബൈല്‍ നമ്പരുകള്‍ ഈ സംവിധാനം ഉപയോഗിച്ച് സംഭവസ്ഥലത്ത് പരിശോധിച്ചു. ഇതില്‍ സംശയത്തില്‍ ഉണ്ടായിരുന്ന ഈ പ്രതികളുടെ നമ്പരും പരിശോധനയ്ക്ക് വിധേയമാക്കി. കൊലപാതകം നടക്കുന്ന സമയം മൂന്നുപേരും ഈ സ്ഥലത്ത് ഉണ്ടായിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു. മറ്റ് നമ്പരുകള്‍ ഒന്നും ഈ സമയം ഉണ്ടായിരുന്നില്ല.
പിന്നീട് പ്രതികളെ വിളിച്ചുവരുത്തി പല ഘട്ടത്തില്‍ ചോദ്യംചെയ്തപ്പോള്‍ മൊഴിയില്‍ വ്യത്യാസം കണ്ടെത്തി. പ്രദേശവാസികളോടുപലരോടും അവര്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ പ്രതികള്‍ പറഞ്ഞതായി പോലീസിന് അറിയാന്‍ കഴിഞ്ഞു. ഇതോടെയാണ് പ്രതികള്‍ വലയിലായത്.
അന്വേഷിച്ചതെല്ലാം പൊന്നാക്കി അടിമാലി പോലീസ്
ഈയിടെയുണ്ടായ വിവാദക്കൊലക്കേസുകളെല്ലാം തെളിയിച്ച് അടിമാലി പോലീസ്. അടിമാലി സര്‍ക്കിള്‍ പരിധിയില്‍ ഏറ്റവും വിവാദമായ കൊലപാതകമായിരുന്ന രാജധാനി കൂട്ടക്കൊല. മറുനാട്ടുകാരായ പ്രതികള്‍ മൂന്നുപേരെ കൊലപ്പെടുത്തി മുങ്ങി. ഇതില്‍ മുന്നുപ്രതികളേയും പിടികൂടുവാനും യഥാസമയം കുറ്റപത്രം സമര്‍പ്പിക്കുവാനും അടിമാലി പോലീസിന് കഴിഞ്ഞു.
പന്ത്രണ്ടാംമൈല്‍ സെലീന വധവും അടിമാലി പോലീസിന് കീഴില്‍ നടന്ന വിവാദമായ കൊലപാതകമായിരുന്നു. കൊലനടന്ന അടുത്തദിവസംതന്നെ ഈ കേസിലെ പ്രതിയെ തൊടുപുഴയില്‍നിന്ന് പിടികൂടുവാന്‍ അടിമാലി പോലീസിന് കഴിഞ്ഞു. മുനിയറ സ്വദേശി സെലിന്‍ എന്ന വീട്ടമ്മയെ തമിഴ്നാട്ടിലെ ഇറച്ചില്‍ പാലത്ത് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ വിവാദക്കേസിലെ പ്രതികളേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുവാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കുഞ്ഞന്‍പിള്ള വധത്തിലെ പ്രതികളേയും 64 ദിവസം കൊണ്ട് കണ്ടെത്തുവാനായി.
ഈ അന്വേഷണത്തിന് ആദ്യം രൂപവത്കരിച്ച പ്രത്യേക സംഘത്തെ മാറ്റി വിവാദക്കേസുകള്‍ അന്വേഷിച്ച് തുമ്പുണ്ടാക്കിയ സ്‌ക്വാഡിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയതോടെയാണ് ഈ കേസിനും തെളിവായത്.
Content highlights: Kunjanpilla murder, Crime news, Police, Adimali