കോഴിക്കോട്: റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയെ അറസ്റ്റുചെയ്തു. കാസര്‍കോട് ഉപ്പള്ള സ്വദേശി മുഹമ്മദ് അന്‍സാറി(26)നെയാണ് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. നവംബര്‍ 27-നാണ് പയ്യാനക്കല്‍ ചക്കുംകടവ് പൊക്കച്ചിതടി വീട്ടില്‍ സുധീര്‍ബാബുവിനെ ഒന്നാം പ്ലാറ്റ്‌ഫോമിന് എതിര്‍വശത്തുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പാലക്കാട്ടുനിന്നാണ് അന്‍സാറിനെ പിടികൂടിയത്.
കൊലപാതകത്തിനുശേഷം ഇയാള്‍ കല്യാണത്തിന് സദ്യവിളമ്പുന്ന സംഘത്തിനൊപ്പം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പാലക്കാട്ടെ ഒരു കല്യാണത്തിന് സദ്യവിളമ്പുന്നതിനിടെയാണ് അന്‍സാര്‍ പിടിയിലായത്. സംഭവത്തില്‍ രണ്ടാം പ്രതി നൗഫലിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
നവംബര്‍ അഞ്ചിനാണ് അന്‍സാറും നൗഫലും ചേര്‍ന്ന് സുധീറിനെ കൊലപ്പെടുത്തിയത്. മദ്യപിച്ചതിനുശേഷം മൊബൈലിനെ ചൊല്ലിയുള്ള തര്‍ക്കവും നൗഫലിനെ സുധീര്‍ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതുമാണ് കൊലപാതകകാരണം. തര്‍ക്കത്തിനൊടുവില്‍ സുധീറിന്റെ കൈയും കാലും തല്ലിയൊടിക്കാനായിരുന്നു നൗഫലിന്റെ തീരുമാനം. എന്നാല്‍, പരിക്ക് ഭേദമായാല്‍ സുധീര്‍ പ്രതികാരം ചെയ്യുമെന്ന് അന്‍സാര്‍ പറഞ്ഞു. കല്ലുകൊണ്ട് തലയ്ക്കടിച്ചും ചവിട്ടിയും ഇരുവരും ചേര്‍ന്ന് സുധീറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ടൗണ്‍ സി.ഐ. എ. ഉമേഷ് പറഞ്ഞു. കൊലയ്ക്കുശേഷം മൃതദേഹം ക്വാര്‍ട്ടേഴ്സിന് പിന്‍വശത്തേക്ക് മാറ്റി പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചു. തുടര്‍ന്ന് അന്‍സാര്‍ ഒളിവിലും നൗഫല്‍ വാറണ്ടുള്ള കേസില്‍ കീഴടങ്ങുകയും ചെയ്തു.
സുധീറിനെ കാണാനില്ലെന്നുകാണിച്ച് സഹോദരന്‍ പരാതിനല്‍കിയിരുന്നു. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ നൗഫലിനെ പോലീസ് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. അന്‍സാറിനെ റെയില്‍വേ ക്വാര്‍ട്ടേഴ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
എ.എസ്.ഐ. വി. സുബ്രഹ്മണ്യന്‍, കെ.ടി. ഷബീര്‍, കെ.കെ. അസീബ്, കെ. രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: kozhikode murder case, main accused arrested by police