വടകര: സിലി വധക്കേസിൽ ജോളി ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് ഷാജുവും സക്കറിയാസും. ഇത് അഞ്ചാം തവണയാണ് ഷാജുവിൽനിന്ന് അന്വേഷണസംഘം മൊഴിയെടുക്കുന്നത്. ഇത്തവണയും കാര്യമായ വിവരങ്ങളൊന്നും ഷാജുവിൽ നിന്നും സക്കറിയാസിൽ നിന്നും കിട്ടിയില്ല. മുമ്പു പറഞ്ഞ കാര്യങ്ങളിൽത്തന്നെ ഇവർ ഉറച്ചു നിന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും വിട്ടയച്ചു. വ്യാഴാഴ്ച രണ്ടുപേരെയും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. പുലിക്കയത്തെ വീട്ടിലെത്തിയായിരിക്കും ചോദ്യം ചെയ്യൽ. ഷാജുവിൻറെ മാതാവിൽ നിന്നും മൊഴിയെടുക്കും.
സിലി കൊല്ലപ്പെടുമെന്ന വിവരം ഭർത്താവ് ഷാജുവിന് അറിയാമായിരുന്നെന്നും സിലിയുടെ മരണശേഷം ഇതുസംബന്ധിച്ച സന്ദേശം ഷാജുവിന്റെ ഫോണിലേക്ക് അയച്ചുകൊടുത്തെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജോളി നൽകിയ മൊഴി. ഇതെല്ലാം ഷാജു നിഷേധിച്ചു. ഇതിനു മുമ്പും ഷാജുവിനെ കുരുക്കിലാക്കുന്ന വിധത്തിലുള്ള മൊഴി ജോളി നൽകിയിരുന്നു. എന്നാൽ ഇതിന് ബലമേകുന്ന തരത്തിലുള്ള തെളിവുകളൊന്നുമില്ലാത്തതിനാൽ അന്നും ചോദ്യം ചെയ്ത് വിട്ടിയക്കുകയായിരുന്നു.
ജോളിയുടെ മൊഴിയിലെ വിശ്വാസ്യത അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. ദിവസം കഴിയുന്തോറും അന്വേഷണം സങ്കീർണമാക്കുന്ന വിധത്തിലുള്ള മൊഴികളാണ് ജോളി നൽകുന്നത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തന്നെ ഷാജുവും പിതാവ് സക്കറിയാസും വടകര തീരദേശ പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. വൈകീട്ട് നാലരയോടെ ഇവർ തിരിച്ചുപോയി.
കട്ടപ്പനയിലെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും
ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുക്കും. ഇതിനായി ഇവരോട് വ്യാഴാഴ്ച കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ജോളിയുടെ സഹോദരൻ, മാതാവ് ഉൾപ്പെടെയുള്ളവർ മൊഴി നൽകാനെത്തും. ജോളിയുടെ ആദ്യകാല ജീവിതവും വിദ്യാഭ്യാസവും സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് ബന്ധുക്കളെയും ചോദ്യം ചെയ്യുന്നത്.
ഇന്ന് തെളിവെടുപ്പ്
സിലിക്ക് വിഷം നൽകിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും മരണം സംഭവിച്ച ഓമശ്ശേരിയിലെ ആശുപത്രിയിലും വ്യാഴാഴ്ച ജോളിയെ എത്തിച്ച് തെളിവെടുക്കും. പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലും കൊണ്ടുപോകും. ഇവിടെ തെളിവെടുപ്പിനു പുറമേ ചോദ്യംചെയ്യലും ഉണ്ടാകുമെന്നാണ് സൂചന.
Content Highlights: Koodathi Murder case, Shaju and Sekariyas rejects Jolly's statement