വടകര: കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസം മുമ്പേ റോയി തോമസിന്റെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായ വിവരം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പണം തട്ടാൻ ജോളി തന്നെയാണ് ഇതും ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക സൂചന. റോയി തോമസ് കൊല്ലപ്പെട്ട അതേ മാസം തന്നെയാണ് പോളിസിയെടുത്തത്. പോളിസിയുടമ മരണപ്പെട്ടാൽ ഇൻഷുർ ചെയ്ത സംഖ്യയുടെ മൂന്നിരട്ടി തുക കിട്ടുന്ന ട്രിപ്പിൾ കവർ പോളിസിയാണിത്. ഇതുപ്രകാരം റോയി മരിച്ചാൽ നോമിനിക്ക് 45 ലക്ഷം രൂപ കിട്ടും. നോമിനിയായി ജോളിയെയും മക്കളെയുമാണ് ചേർത്തിരുന്നത്. പോളിസിയെടുക്കാനും പണം അടയ്‌ക്കാനുമെല്ലാം മുൻകൈയെടുത്തത് ജോളിയാണെന്നാണ് പോലീസിനു കിട്ടിയ പ്രാഥമികസൂചന.
ഇതുസംബന്ധിച്ച വിവരങ്ങൾ അടുത്ത ദിവസം തന്നെ എൽ.ഐ.സി.യുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിക്കും. റോയി മരണപ്പെട്ട ശേഷം തുക ക്ലെയിം ചെയ്യാനും ശ്രമം നടന്നിരുന്നു. റോയിയുടെ പോസ്റ്റുമോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതിനാൽ മരണത്തെ ആത്മഹത്യയായാണ് അന്ന് കണക്കാക്കിയത്. അതുകൊണ്ടുതന്നെ ഇൻഷുറൻസ് തുക കിട്ടിയില്ല.
അന്നമ്മയുടെയും ടോം തോമസിന്റെയും മരണം പോലെയാണ് ജോളി റോയിയുടെ മരണവും ആസൂത്രണം ചെയ്തതത്. റോയിയുടെ മരണകാരണം ഹൃദായാഘാതമാണെന്ന് ജോളി എല്ലാവരോടും പറഞ്ഞത്. എന്നാൽ റോയിയുടെ അമ്മാവൻ മാത്യുവിന്റെയും മറ്റും നിർബന്ധത്താൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നു. ഇതോടെയാണ് ജോളിയുടെ പദ്ധതി പൊളിഞ്ഞതെന്നാണ് സംശയം.
റോയിയുടെ പേരിൽ ജോളിയാണോ പോളിസി എടുത്തത്, പണമടച്ചത് ആര് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ജോളിയുടെ പങ്ക് ഇതിൽ തെളിഞ്ഞാൽ റോയി വധക്കേസിലെ പ്രധാനതെളിവായി ഇതും മാറുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Content Highlights: Koodathi Murder case, jolly has taken 15 lakh Insurance Policy for roy before his death