താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസില്‍ ഷാജുവിന്റെ മാതാപിതാക്കള്‍ക്കെതിരേ നിര്‍ണായക മൊഴിയുമായി സിലിയുടെ ബന്ധുക്കള്‍. സിലി വധക്കേസില്‍ ഷാജുവിന് പങ്കുണ്ടെന്ന ജോളിയുടെ ആരോപണം നിലനില്‍ക്കെയാണ് സിലിയ്ക്ക് ഷാജുവിന്റെ വീട്ടില്‍ ക്രൂരമായ മാനസികപീഡനമാണ് നേരിട്ടതെന്ന് വ്യക്തമാക്കി ബന്ധുക്കളും അയല്‍വാസികളും മൊഴിനല്‍കിയിരിക്കുന്നത്. സിലിയെ മനോരോഗിയായി ചിത്രീകരിക്കാന്‍ ഷാജുവിന്റെ കുടുംബവും ജോളിയും ശ്രമിച്ചെന്നാണ് സിലിയുടെ ഉറ്റബന്ധുക്കള്‍ അന്വേഷണസംഘത്തിനുമുമ്പാകെ വെളിപ്പെടുത്തിയത്.
ജോളി പുലിക്കയത്തെ വീട്ടില്‍ നിത്യസന്ദര്‍ശകയായതുമുതല്‍ സിലിയെ ഷാജുവിന്റെ മാതാപിതാക്കള്‍ മാനസികപീഡനത്തിന് വിധേയമാക്കിയതായും സിലിയെ മയക്കുമരുന്നിന് അടിമയാക്കാന്‍ ജോളി ശ്രമിച്ചിരുന്നതായുമാണ് സിലിയുടെ ബന്ധുക്കള്‍ മൊഴിനല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന സിലിയെ അസുഖക്കാരിയായി ചിത്രീകരിച്ചശേഷം ഉള്ളിയേരിയിലെ ഒരു നാട്ടുവൈദ്യന്റെ പക്കല്‍നിന്ന് അരിഷ്ടം കൊണ്ടുനല്‍കിയത് ജോളിയാണ്. അരിഷ്ടത്തില്‍ സയനൈഡ് ചേര്‍ത്ത് രണ്ടുതവണ വധിക്കാന്‍ ശ്രമിച്ചു.
രണ്ടാം തവണ അവശനിലയിലായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിലി നാലാം ദിവസമാണ് പൂര്‍ണബോധം വീണ്ടെടുത്തത്. സംശയംതോന്നിയ ഡോക്ടര്‍, സിലി കുടിച്ച അരിഷ്ടത്തിന്റെ ബാക്കി കൊണ്ടുവരാന്‍ ഷാജുവിന്റെ വീട്ടുകാരോട് പറഞ്ഞെങ്കിലും അതുവരെ സിലി കുടിച്ച അരിഷ്ടം ഒഴിവാക്കി പുതിയൊരു കുപ്പിയാണ് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചത്.
മാവൂര്‍ റോഡിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് വിറ്റാമിന്‍ ഗുളികയെന്നപേരില്‍ സിലിയ്ക്ക് മഷ്റൂം ഗുളികയും അപസ്മാരത്തിനുള്ള ഗുളികയും മറ്റും കൊണ്ടുനല്‍കിയത് ജോളിയാണ്. മയക്കുമരുന്നിന് അടിമയാക്കി സിലിയുടെ സ്വബോധം നഷ്ടപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം. ജോളി കൊണ്ടുവരുന്ന ഗുളികയും അരിഷ്ടവും കുടിക്കാന്‍ ഷാജു ആവശ്യപ്പെട്ടിരുന്നെന്നും മൊഴിയിലുണ്ട്. സിലിയുടെ സഹോദരഭാര്യ ജോലിചെയ്യുന്ന സ്‌കൂളില്‍പ്പോയി അവരെ വിളിച്ചിറക്കിയശേഷം 'നിന്റെ നാത്തൂന് ഭ്രാന്താണ്. അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് ഒരിക്കല്‍ ഷാജുവിന്റെ പിതാവ് സഖറിയാസ് പറഞ്ഞതായി സിലിയുടെ ബന്ധു മൊഴിനല്‍കിയിട്ടുണ്ട്. ജോളി പുലിക്കയത്തെ വീട്ടുകാരുമായി അടുപ്പംതുടങ്ങിയ മുതല്‍ക്ക് സിലിയ്ക്ക് ഭര്‍തൃവീട്ടില്‍ കടുത്ത അവഗണനയായിരുന്നു. ഭക്ഷണം പാകംചെയ്യുന്ന സിലിയ്ക്ക് വീട്ടുകാര്‍ക്ക് അത് വിളമ്പിനല്‍കാന്‍ അവകാശമുണ്ടായിരുന്നില്ല.
പൂര്‍ണഗര്‍ഭിണിയായ സമയത്തുപോലും 'പൈപ്പില്‍ വെള്ളമടിച്ചാല്‍ കറന്റ് ചാര്‍ജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്റൂമില്‍ കുളിക്കാന്‍ സിലിയെ അനുവദിച്ചിരുന്നില്ല. സിലിയുടെ ദുരൂഹമരണത്തിന് തൊട്ടുപിന്നാലെ ജോളിയെ പുലിക്കയത്തെ മരുമകളാക്കാന്‍ മുന്‍കൈയെടുത്തതും ഷാജുവിന്റെ മാതാപിതാക്കളാണ് -എന്നിങ്ങനെയാണ് സിലിയുടെ ബന്ധുക്കളുടെ മൊഴി.
Content Highlight: Koodathayi Murder case: sili face domestic violence