വടകര: കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.
കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.
കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.
കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.
നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.
ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.
Koodathayi murder case: Investigation officers get Good service entry