കോഴിക്കോട്: ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമാണ് മാത്യുവിനെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കൂടത്തായി കൊലപാത പരമ്പരകളിലെ മുഖ്യ പ്രതി ജോളി. മാത്യു വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ജോളിയുടെ ഈ വെളിപ്പെടുത്തല്‍. മാത്യുവിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ സമ്മതിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇതേ കാര്യം ആവര്‍ത്തിച്ച ജോളി ആദ്യ ശ്രമത്തില്‍ തന്നെ മാത്യുവിനെ വകവരുത്തിയെന്നും മൊഴി നല്‍കി.
റോയ് മരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത് മാത്യുവാണ്. സയനൈഡിന്റെ സാനിധ്യം കണ്ടെത്തിയതോടെ മാത്യു തന്നെ സംശയിക്കാന്‍ തുടങ്ങി.വ്യാജ ഒസ്യത്തിലൂടെ സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള നീക്കത്തിനും മാത്യു തടസമാകുമെന്നും ജോളി മനസിലാക്കി. റോജോയും റെഞ്ചിയുമായും മാത്യുവിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് ഇതും ജോളിയെ ചൊടിപ്പിച്ചു. മാത്യുവിന്റെ സാനിധ്യം തന്റെ ലക്ഷ്യങ്ങള്‍ക്ക് തടസമാകുമെന്ന് മനസിലായതോടെ മാത്യുവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടത്തായിയിലെ പൊന്നാമറ്റം തറവാടിന്റെ തൊട്ടടുത്ത് തന്നെയാണ് അന്നമ്മ ടീച്ചറിന്റെ സഹോദരന്‍ കൂടിയായ മാത്യ മഞ്ചാടിയിലിന്റെ വീട്.
Content Highlight: koodathayi manchadiyil mathew murder case