താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമതായി രജിസ്റ്റര്‍ചെയ്ത ആല്‍ഫൈന്‍ വധക്കേസില്‍ മുഖ്യപ്രതി പൊന്നാമറ്റം വീട്ടില്‍ ജോളിയെ(47) അറസ്റ്റ് ചെയ്തു. തിരുവമ്പാടി സി.ഐ. സാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ജില്ലാജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ കൂടത്തായ് കൊലപാതക പരമ്പരയിലെ ആറുകേസുകളില്‍ മൂന്നിലും ജോളി അറസ്റ്റിലായി.
ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണസംഘം ചൊവ്വാഴ്ച താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി മുഖേന അപേക്ഷ സമര്‍പ്പിക്കും. രാവിലെ അപേക്ഷ സമര്‍പ്പിച്ച് ചൊവ്വാഴ്ചതന്നെ ആല്‍ഫൈന്‍ കേസില്‍ ജോളിയെ റിമാന്‍ഡ് ചെയ്യാനും തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുമാണ് തീരുമാനം.
സിലിവധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി രണ്ടാംതവണയും മാറ്റിവെച്ചു. പ്രതിഭാഗം അഭിഭാഷകന്‍ ഹൈദര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്കെതിരേ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയ സുധാകരന്‍ തടസ്സഹര്‍ജി നല്‍കി.
തുടര്‍ന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) മജിസ്ട്രേറ്റ് കെ.ആല്‍ഫ മമായ് ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, റോയ് തോമസ് വധക്കേസിന് പിന്നാലെ സിലിവധക്കേസിലും പ്രതി ചേര്‍ക്കപ്പെട്ട രണ്ടാംപ്രതി കക്കാവയല്‍ മഞ്ചാടിവീട്ടില്‍ എം.എസ്. മാത്യു എന്ന ഷാജി(44)യെ ഈ കേസില്‍ ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങും.
വടകര തീരദേശപോലീസ് സ്റ്റേഷന്‍ സി.ഐ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒന്നാം കോടതിയിലാണ് മാത്യുവിനെ ഹാജരാക്കുക.
Content Highlight: koodathayi jolly arrested in Alphaine murder case