കോഴിക്കോട്: കൂടത്തായിയിലെ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നാണ് എന്നു മാത്രം പറഞ്ഞ് 2011 ലെ അന്വേഷണ റിപ്പോര്‍ട്ട്. ആത്മഹത്യയെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. കോടഞ്ചേരി പോലീസ് നല്‍കിയ ആദ്യ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
2011 ല്‍ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 189/2011 ആയി രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു കൂടത്തായ് പൊന്നാമറ്റം റോയ് തോമസിന്റെ അസ്വാഭാവിക മരണം. എസ്.ഐ. വി രാമനുണ്ണിയാണ് കേസന്വേഷിച്ചത്. CRPC 174 വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2011 ഡിസംബര്‍ 13 ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറോട് ചോദിച്ചതില്‍ നിന്നും ടിയാന്‍ സയനൈഡ് കഴിച്ചതിനെത്തുടര്‍ന്ന് ബാത്ത്‌റൂമില്‍ വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണപ്പെട്ടു എന്ന് ഈ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മരണകാര്യത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നും ഇല്ല എന്ന് വെളിവാകുന്നു എന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് വിഷം മൂലമുള്ള മരണം എന്ന് രേഖപ്പെടുത്തിയതായി കാണുന്നു. മേല്‍ സാഹചര്യത്തില്‍ ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് തുടരന്വേഷണം ആവശ്യമില്ലാത്ത കേസായി കണക്കാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യ എന്ന വാക്ക് ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രധാനം. ആത്മഹത്യയായി അന്വേഷണം അവസാനിപ്പിച്ച കേസാണെന്ന പ്രതിഭാഗത്തിന്റെ വാദം ഇതോടെ ദുര്‍ബലമാകും. എന്നാല്‍ കൊലപാതകം ഉള്‍പ്പെടെ സംശയിക്കുന്ന സംഭവങ്ങളാണ് CRPC 174 വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്യുക എന്നിരിക്കെ ആ സാധ്യത അന്ന് എന്ത് കൊണ്ട് പരിശോധിക്കപ്പെട്ടില്ല എന്നത് ദുരൂഹമായി തുടരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ കൊലപാതകമെന്ന സാധ്യത ചൂണ്ടിക്കാട്ടുന്നെന്ന് ഇപ്പോഴത്തെ അന്വേഷണസംഘം തിരിച്ചറിഞ്ഞിടത്താണ് കൂടത്തായ് കൊലപാതകപരമ്പരയുടെ ചുരുളഴിഞ്ഞത്.
Content Highlights: Ponnamattam Roy Thomas Death Case, 2011 Police Report Out, Jolly Koodathai