താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വെളുത്ത നിറത്തിലുള്ള കെ.എൽ.10 എ.എസ് 1305 നമ്പർ കാർ പൊന്നാമറ്റം തറവാടിന് സമീപത്തെ ഒരു വീട്ടിൽ നിർത്തിയിട്ടിരുന്ന നിലയിലാണ് അന്വേഷണസംഘം ബുധനാഴ്ച കണ്ടെത്തിയത്.
റോയ് തോമസ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാറിനുള്ളിൽനിന്ന് വിഷവസ്തുവെന്ന് സംശയിക്കുന്ന വെളുത്ത പൊടി കണ്ടെത്തി.
കാറിനുള്ളിലെ ഡ്രൈവിങ് സീറ്റിനടുത്തുള്ള രഹസ്യഅറയിലെ പേഴ്‌സിനുള്ളിൽ നിന്നാണ് പല കവറുകളിലായി സൂക്ഷമതയോടെ പൊതിഞ്ഞ നിലയിൽ പൊടി കണ്ടെത്തിയത്. ഈ പൊടി സയനൈഡ് ആണോയെന്ന് ഉറപ്പിക്കുന്നതിനായി പോലീസ് വിദഗ്ധപരിശോധനയ്ക്ക് അയയ്ക്കും. കാറിനുള്ളിൽനിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ജോളി ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.
സുഹൃത്തുക്കളുടേതുൾപ്പെടെ കാറുകൾ ഉപയോഗിച്ചിരുന്ന ജോളി താൻ കാറിനുള്ളിലും വിഷം സൂക്ഷിച്ചിരുന്നതായി മൊഴി നൽകിയിരുന്നു. അതെത്തുടർന്നാണ് അന്വേഷണസംഘം ജോളിയുടെ ഉടമസ്ഥതയിലുള്ള കാറിലും പരിശോധന നടത്തിയത്. 2016 ജൂലായിലാണ് ജോളി ഈ സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്.
അതേസമയം ഷാജുവിന്റെ ആദ്യഭാര്യ സിലി മരിച്ച ദിവസം അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ജോളി ഉപയോഗിച്ചിരുന്ന കാർ നിലവിൽ ഒരു റിട്ട. സർക്കാർ ഉദ്യോഗസ്ഥന്റെ പക്കലാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
കൂടുതൽ അറസ്റ്റ് ഇപ്പോഴില്ലെന്ന് ഐ.ജി.
താമരശ്ശേരി: കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ഉത്തരമേഖല ഐ.ജി. അശോക് യാദവ്. താമരശ്ശേരി പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ചേർന്ന പോലീസിന്റെ ഉന്നതല അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഐ.ജി. കൂട്ടിച്ചേർത്തു. ബുധനാഴ്ച രണ്ടരയോടെയാണ് ഐ.ജി.യുടെ നേതൃത്വത്തിൽ താമരശ്ശേരി പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി നടന്ന യോഗം വൈകീട്ട് അഞ്ചേമുക്കാലിനാണ് അവസാനിച്ചത്.
കോഴിക്കോട് റൂറൽ എസ്.പി. കെ.ജി. സൈമൺ, റൂറൽ അഡീഷണൽ സൂപ്രണ്ട് ടി.കെ. സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസൻ, നാദാപുരം എ.എസ്.പി. അങ്കിത് അശോകൻ, വടകര ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാം, താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുൾ റസാഖ്, പേരാമ്പ്ര സി.ഐ. കെ.കെ. ബിജു, താമരശ്ശേരി സി.ഐ. ടി.എ. അഗസ്റ്റിൻ, കൊടുവള്ളി സി.ഐ. ചന്ദ്രമോഹൻ, കുറ്റ്യാടി സി.ഐ. എൻ. സുനിൽകുമാർ, തിരുവമ്പാടി സി.ഐ. ഷാജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Koodathai Murder Case, White Powder which suspects as poison found from Jolly's car