താമരശ്ശേരി: ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരണസമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ ജോളി രണ്ടാംപ്രതിയായ മാത്യു മുഖേന മാറ്റിവാങ്ങിയതാവാൻ ഇടയുണ്ടെന്ന് സന്ദേഹം പ്രകടിപ്പിച്ച് കസ്റ്റഡി റിപ്പോർട്ട്. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി (44) യെ സിലി വധക്കേസിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശം.
ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ജോളി ഏറ്റുവാങ്ങിയ സിലിയുടെ സ്വർണാഭരണങ്ങൾ ജൂവലറി ജീവനക്കാരനായ മാത്യു വഴി മാറ്റി വാങ്ങിയോ എന്ന് കണ്ടെത്തണമെന്ന് വടകര കോസ്റ്റൽ സി.ഐ. സി.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എ.പി.പി. മുഖേന സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. ഇതിനായി മാത്യുവിനെ സ്വദേശമായ കാക്കവയൽ, കക്കാട്, താമരശ്ശേരി, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണം. ജോളിക്ക് സയനൈഡ് കൈമാറിയ സ്ഥലത്ത് മാത്യുവിനെ എത്തിക്കണം. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തണം. എത്രതവണ സയനൈഡ് കൈമാറിയെന്നും സയനൈഡിന്റെ ഉറവിടം എവിടെയാണെന്നും കണ്ടെത്തണമെന്നും കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.
Content Highlight: koodathai murder case sili's gold ornaments