താമരശ്ശേരി: സിലിയെ വകവരുത്താനുള്ള ജോളിയുടെ ആദ്യശ്രമത്തിൽ പിന്നീട് രണ്ടാം ഭർത്താവായ ഷാജുവിനും പങ്കെന്ന് ജോളിയുടെ മൊഴി. പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽ വെച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തൽ. അരിഷ്ടത്തിൽ സയനൈഡ് കലർത്തി നൽകി സിലിയെ വധിക്കാൻ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച് സിലി ഛർദിച്ച് അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു.
വീട്ടിലെ അലമാരയിൽ കുപ്പിയിലാക്കി വെച്ചിരുന്ന അരിഷ്ടം ഷാജുവാണ് എടുത്ത് ജോളിക്ക് നൽകിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയായിരുന്നു ജോളിയെ വ്യാഴാഴ്ച ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അരിഷ്ടം വെച്ചിരുന്ന അലമാര ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്തതായാണ് സൂചന. അലമാരയുടെ താഴത്തെ തട്ടിലായിരുന്നു അരിഷ്ടത്തിന്റെ കുപ്പി വെച്ചിരുന്നതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തെളിവെടുപ്പിനിടെ ജോളിയെ ചോദ്യം ചെയ്തു. വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
2016 ജനുവരി ഒന്നിനാണ് സിലിയെ വകവരുത്താനുള്ള ജോളിയുടെ ശ്രമം വിജയിക്കുന്നത്. താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയിൽ ഷാജുവിന്റെ പല്ല് കാണിക്കാനെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന സിലിയ്ക്ക് ജോളി സയനൈഡ് പുരട്ടിയ ഗുളികയും വെള്ളവും നൽകി കൊലപ്പെടുത്തിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
Content Highlights: Koodathai Murder Case, Shaju also including in the first murder attempt of Sili