താമരശ്ശേരി: പൊന്നാമറ്റം വീട്ടിൽ അന്നമ്മ (57) വധക്കേസിൽ നിർണായക തെളിവ് അന്വേഷണ സംഘം കണ്ടെത്തി. ജോളിയെയും കൊണ്ട് വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പിലാണ് വിഷത്തിന്റെ കുറിപ്പടി വിശദാംശങ്ങൾ പേരാമ്പ്ര സി.ഐ. കെ.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ലഭിച്ചത്.
ജില്ലാ മൃഗാശുപത്രിയിലെ പതിനേഴുവർഷം മുമ്പുള്ള ആശുപത്രി രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് അന്നമ്മയെ വധിക്കാൻ ജോളി വിഷം സംഘടിപ്പിച്ചതെങ്ങനെയെന്ന് വ്യക്തമായത്. വടകര ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാമിന്റെ മേൽ നോട്ടത്തിലായിരുന്നു അന്വേഷണസംഘത്തിന്റെ പരിശോധന.
2002 ഒാഗസ്റ്റിൽ രോഗം ബാധിച്ച് നരകയാതന അനുഭവിക്കുന്ന തന്റെ വളർത്തുനായയെ ദയാവധത്തിന് വിധേയമാക്കാൻ വിഷം വേണമെന്ന് പറഞ്ഞായിരുന്നു ജോളി ജില്ലാ മൃഗാശുപത്രി ഓഫീസിലെത്തിയത്. ആശുപത്രിയിലെ സന്ദർശക രജിസ്റ്ററിൽ തന്റെ പേരിനൊപ്പം ദേവഗിരി എന്ന സ്ഥലനാമമാണ് ജോളി വിലാസമായി നൽകിയത്. ആശുപത്രിയിലെത്തിയതിന്റെ കാരണം വിവരിക്കുന്ന കോളത്തിൽ വളർത്തുനായയെ കൊല്ലാനുള്ള വിഷത്തിന് എന്ന് കാണിച്ചിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എഴുതി നൽകിയ വിഷത്തിന്റെ കുറിപ്പടിയുമായി കോഴിക്കോട്ടെ ചിന്താവളപ്പിന് സമീപത്തെ വളർത്തുമൃഗങ്ങൾക്കായുള്ള മരുന്നുഷോപ്പിൽപ്പോയി ജോളി ഒരു ഡോസ് ‘ഡോഗ്കിൽ’ വിഷം വാങ്ങുകയായിരുന്നു.
വായിൽനിന്നും മൂക്കിൽനിന്നും നുരയും പതയും വന്ന്, ഞരമ്പുകൾ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മൃഗീയമരണമാണ് ‘ഡോഗ്കിൽ’ വിഷം കഴിച്ചാലുള്ള അനന്തരഫലം. ഈ വിഷം പിന്നീട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരോധിക്കുകയായിരുന്നു.
2002 ഓഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് പൊന്നാമറ്റം വീട്ടിലെ അടുക്കളയിൽവെച്ച് ആട്ടിൻസൂപ്പിൽ ജോളി ഈ വിഷം കലർത്തുകയും പിറ്റേന്ന് രാവിലെ സൂപ്പുകഴിച്ച അന്നമ്മ മരണപ്പെടുകയുമായിരുന്നു. ജോളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മൃഗാശുപത്രിയിലും വിഷം വാങ്ങിയ കടയിലും ജോളിയെ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുത്തു.
Content Highlights: Koodathai Murder Case, prescription of poison seized from veterinary hospital