വടകര: അറസ്റ്റിലായി 18 ദിവസങ്ങൾക്കുള്ളിൽ ജോളി പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞത് 10 ദിവസം. ഇനിയും ജോളിയെ കാത്തിരിക്കുന്നത് പോലീസ് കസ്റ്റഡി നാളുകൾ തന്നെ. നാലു കേസുകളിൽക്കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്. ഇവയിലും പോലീസ് ജോളിയെ കസ്റ്റഡിയിൽ വാങ്ങും. അങ്ങനെ വരുമ്പോൾ ഇനിയും ചുരുങ്ങിയത് 24 ദിവസമെങ്കിലും ജോളി പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വരും.
തുടർച്ചയായി പോലീസ് കസ്റ്റഡിയിൽ കഴിയുമ്പോൾ ജോളിയിൽനിന്ന് സത്യങ്ങളെല്ലാം പുറത്തുവരുമെന്നുതന്നെയാണ് പോലീസിന്റെ പ്രതീക്ഷ. ഇതിനുള്ള സമ്മർദതന്ത്രമായാണ് കസ്റ്റഡിയെ കാണുന്നത്. വിചാരണ കഴിയുംവരെ ജോളി പുറത്തിറങ്ങരുതെന്നും അന്വേഷണസംഘത്തിന് നിർബന്ധമുണ്ട്. അതിനുമുമ്പ് ജാമ്യം കിട്ടിയാൽ സാക്ഷികളെ സ്വാധീനിക്കാനും മറ്റുമുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. തെളിവുകളുടെ കാര്യത്തിൽ വലിയ വെല്ലുവിളി നേരിടുന്ന കേസിൽ ഏറ്റവും പ്രധാനം സാക്ഷിമൊഴികളാണ്.
കസ്റ്റഡി കാലാവധി കഴിഞ്ഞ് ജോളിക്ക് ജാമ്യം കിട്ടാവുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴേക്കും ഒരു കേസിലെങ്കിലും കുറ്റപത്രം സമർപ്പിക്കും. ആദ്യം രജിസ്റ്റർചെയ്ത റോയ് വധക്കേസിലാണ് ആദ്യം കുറ്റപത്രം നൽകുക. ഇതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ജോളിയുടെയും പ്രധാനസാക്ഷികളുടെയുമെല്ലാം മൊഴി ഈ കേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുമുണ്ട്.
എട്ടുവർഷം പഴക്കമുള്ള കേസായതിനാൽ വളരെ സൂക്ഷ്മമായാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിനും മറ്റും കൂടുതൽപ്പേരെ നിയോഗിച്ചിട്ടുമുണ്ട്. സിലി, ആൽഫൈൻ വധക്കേസുകളിൽ ശാസ്ത്രീയ തെളിവുകളാണ് വെല്ലുവിളിയായുള്ളത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ശക്തമാണ്. മൃതദേഹപരിശോധനയിൽ സയനൈഡിന്റെ സാന്നിധ്യംകൂടി കണ്ടെത്തിയാൽ പിന്നെ ഈ കേസിലും ജോളിയുടെ കുരുക്ക് മുറുക്കാൻ സാധിക്കും.
അടുത്തതായി ആൽഫൈന്റെ കേസിലായിരിക്കും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. ഈ കേസ് അന്വേഷിക്കുന്ന സംഘവും ജോളിയെ കസ്റ്റഡിയിൽ വാങ്ങും. പിന്നീട് അന്നമ്മ, ടോം തോമസ്, മാത്യു എന്നിങ്ങനെയാണ് പോലീസ് ലക്ഷ്യമിടുന്നത്. അന്നമ്മയുടെ കേസിന് 17 വർഷം പഴക്കമുള്ളതിനാൽ കൂടുതൽ ദിവസം കസ്റ്റഡി ആവശ്യപ്പെടാനും പോലീസിന് സാധിക്കും.
Content Highlights: Koodathai Murder Case, Jolly's custody