കട്ടപ്പന: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി കട്ടപ്പനയിലെത്തിച്ചു. കട്ടപ്പനയിലെ ജോളിയുടെ പഴയ തറവാട്ടിലാണ് ആദ്യം തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് സംഘം ജോളിയെ എത്തിച്ചത്. തുടര്‍ന്ന്, ജോളിയുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്.
17 വര്‍ഷം മുമ്പ് വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായ പരിചയമുള്ള ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ദേഹത്തേക്ക് ചാടുമായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് ജോളി നായയെ 'ഡോഗ്കില്‍' എന്ന വിഷം നല്‍കി നായയെ കൊന്നത്. വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്ന്, ഞരമ്പുകള്‍ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മൃഗീയമരണമാണ് 'ഡോഗ്കില്‍' വിഷം കഴിച്ചാലുള്ള അനന്തരഫലം. ഈ വിഷം പിന്നീട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കുകയായിരുന്നു.
ഇങ്ങനെ നായ ചത്തതിലൂടെയാണ് ഈ മരുന്ന് മനുഷ്യരിലും പ്രയോഗിക്കാന്‍ ജോളി തീരുമാനിക്കുന്നത്. തുടര്‍ന്ന് വളര്‍ത്തുനായയെ കൊല്ലാനെന്ന വ്യാജേന കോഴിക്കോട് മൃഗാശുപത്രിയില്‍ നിന്ന് ഡോഗ്കില്‍ വാങ്ങി ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
തെളിവെടുപ്പിനിടെ ജോളിയുടെ അച്ഛന്റെയും അമ്മയുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഡി.വൈ.എസ്.പി. എന്‍.പി. രാജശേഖര്‍, സി.ഐ. വി.എസ്. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.
അടുത്തദിവസങ്ങളിൽ നെടുങ്കണ്ടം, പാല തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഉപരിപഠനത്തിനും ജോലിക്കുമെന്നപേരിൽ ജോളി താമസിച്ച ഹോസ്റ്റലുകളിലും ബന്ധുവീടുകളിലുമാണ് തെളിവെടുപ്പ് നടത്തുക.
Content Highlights: Koodathai Murder case, crimebranch took Jolly has to Kattappana for further investigation