താമരശ്ശേരി: ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളും വീടുമെല്ലാം തന്റെയും ഭർത്താവ് റോയ് തോമസിന്റെയും പേരിലേക്ക് ഒസ്യത്ത് ചെയ്തതായി കാണിച്ച് ജോളി നേരത്തേ സമർപ്പിച്ച ഇംഗ്ലീഷിലുള്ള അപേക്ഷ അവർതന്നെ തയ്യാറാക്കിയതാണെന്ന് ഫൊറൻസിക് ലബോറട്ടറിയിലെ ഡോക്യുമെന്റ് വിഭാഗം വിദഗ്ധർ നടത്തിയ പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.
ഓമശ്ശേരി പഞ്ചായത്ത് ഓഫീസിലും കൂടത്തായി വില്ലേജ് ഓഫീസിലും ഹാജരാക്കിയ അപേക്ഷയുടെ ആധികാരികതയായിരുന്നു റോയ് തോമസ് വധക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധനയ്ക്കയച്ചത്. റോയ് തോമസിന്റെ പേരിലെടുത്ത ട്രിപ്പിൾ കവർ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജോളിയുടെ ചെയ്തികൾ തെളിയിക്കുന്നതിനുകൂടി വേണ്ടിയായിരുന്നു കൈയക്ഷര-ഒപ്പ് പരിശോധന. ഇക്കഴിഞ്ഞ നവംബർ ആറിനായിരുന്നു താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ ജൂനിയർ സൂപ്രണ്ടിന്റെ ഓഫീസിൽവെച്ച് ഒന്നരപ്പേജുള്ള അപേക്ഷ ഇരുപതു തവണയും ഒപ്പ് 36 തവണയും ജോളിയെക്കൊണ്ട് പകർത്തിയെഴുതിച്ചത്.
അതേസമയം റോയ് തോമസിന്റെ അറിവോടെയും പങ്കാളിത്തത്തോടെയും കൂടിയാണ് ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റോയ് സ്വത്ത് ദുർവ്യയം ചെയ്യുമെന്ന ആശങ്കകൊണ്ടും ഭർത്താവിനെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് പിന്നീട് അദ്ദേഹത്തെ സയനൈഡ് ചേർത്ത് നൽകി കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിനൽകിയിരുന്നു.
Content Highlights: Koodathai Murder case, bequest was prepared by Roy And Jolly
Share this Article
Related Topics