താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വിഷഗുളികയെന്ന് അവകാശപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കാണിച്ചുനല്‍കിയത് 'ധന്വന്തരം ഗുളിക'.
ഒക്ടോബര്‍ 11-ന് പൊന്നാമറ്റത്തെ ടോം തോമസിന്റെ തറവാട്ടുവീട്ടില്‍നടന്ന തെളിവെടുപ്പിലാണ് ആയുര്‍വേദഗുളിക എടുത്തുനല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാന്‍ ജോളി ശ്രമിച്ചത്. ഒരു ദിവസം പറയുന്ന കാര്യങ്ങള്‍ പലതും തൊട്ടടുത്തദിവസം മാറ്റിപ്പറഞ്ഞ് പോലീസിനെ കുഴക്കുകയായിരുന്നു ജോളി. പൊന്നാമറ്റത്തെ വീട്ടില്‍ ആദ്യമായിനടന്ന തെളിവെടുപ്പിലായിരുന്നു ധന്വന്തരം ഗുളിക കണ്ടെടുത്തത്.
റോയ് തോമസ് മരിച്ചുകിടന്ന കുളിമുറി, ടോം തോമസും അന്നമ്മയും ഭക്ഷണം കഴിച്ച ഡൈനിങ് ഹാള്‍, അടുക്കള, മുകള്‍നില എന്നിവിടങ്ങളിലെല്ലാം ജോളിയെയുംകൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയെങ്കിലും സയനൈഡിന്റെ ബാക്കി അംശവും അത് കൊണ്ടുവരാനായി ഉപയോഗിച്ച കുപ്പിയും അന്ന് കണ്ടെടുക്കാനായിരുന്നില്ല.
അതേസമയം ജോളിയുടെ കാറില്‍നിന്ന് ബുധനാഴ്ച കണ്ടെടുത്ത വിഷവസ്തുവെന്ന് കരുതുന്ന വെളുത്ത പൊടിയാണ് സയനൈഡ് ആണെന്ന് സംശയിച്ചിരുന്ന മറ്റൊരു ദുരൂഹവസ്തു.
എന്നാല്‍, കാറില്‍നിന്നു കണ്ടെടുത്ത കവറില്‍പ്പൊതിഞ്ഞ പൊടി സയനൈഡല്ലെന്നും കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അത് സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നുമാണ് ഫൊറന്‍സിക് വിദഗ്ധര്‍ നല്‍കുന്ന വിവരം.
Content Highlight: koodathai murder case; Jolly mislead investigation