പഴനി: കൊടൈക്കനാലില്‍ ടാക്‌സി ഡ്രൈവര്‍ പ്രഭാകരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളിസംഘത്തില്‍പ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടിക്ക്, പ്രഭാകരനുമായുള്ള പ്രണയമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. നടിയുടെ പിതാവ് സൂര്യ നാരായണനെ (66) അന്വേഷിച്ച് പോലീസ് ഹൈദരാബാദിലേക്ക് തിരിച്ചു. കൊടൈക്കനാലിലെ സെന്തില്‍, അണ്ണാദുരൈ, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍, അനന്തഗിരിയിലെ മുഹമ്മദ്‌സല്‍മാന്‍ എന്നിവരെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊടൈക്കനാലിന് സമീപം അട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരനെ (28) 25നാണ് കൊടൈക്കനാല്‍ 'സിറ്റി വ്യൂ' ഭാഗത്ത് 20 അടി താഴെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ നടിയുമായി യുവാവിനുണ്ടായ പ്രേമബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അറിയാന്‍ കഴിഞ്ഞു.
പത്തുവര്‍ഷമായി കൂടുംബത്തോടുകൂടി കൊടൈക്കനാലിലെ കുറിഞ്ചിയാണ്ടവര്‍ ക്ഷേത്രത്തിന് സമീപമാണ് സൂര്യനാരായണനും കുടുംബവും താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രഭാകരനുമായി അടുപ്പമുണ്ടായപ്പോള്‍ സൂര്യനാരായണന്‍ മകള്‍ക്ക് താക്കീത് നല്‍കി. അനുസരിക്കാതിരുന്നതിനെത്തുടര്‍ന്ന് സെന്തില്‍, മണികണ്ഠന്‍ എന്നിവര്‍ക്ക് പ്രഭാകരനെ കൊലപ്പെടുത്താന്‍ മൂന്നരലക്ഷം രൂപയും 13 സെന്റ് നിലവും വാഗ്ദാനംചെയ്തു. മണികണ്ഠന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ മാറ്റുകയും ചെയ്തു.
24-ന് വാടകക്കാറിനായി സെന്തില്‍ പ്രഭാകരനെ വിളിച്ചു. മണികണ്ഠനും മുഹമ്മദ് സല്‍മാനും കാറില്‍ കയറിതിനുശേഷം പ്രഭാകരന്റെ മുഖം തുണികൊണ്ട് മൂടി. തുടര്‍ന്ന്, കഴുത്തറുത്ത് കൊന്നുവെന്ന് പോലീസ് പറഞ്ഞു. ഡി.എസ്.പി. പൊന്നുച്ചാമി, ഇന്‍സ്പെക്ടര്‍ രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രഭാകരന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്. ഇവര്‍ക്ക് കൂട്ടുനിന്ന ഇര്‍ഫാനെയും പിടികൂടി.