കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു സമീപം വെടിവെപ്പുണ്ടായ സംഭവത്തിലെ അന്വേഷണത്തിൽ അക്രമികൾക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടാകുമെന്ന് സൂചന. സംഭവം നടന്നിട്ട് ശനിയാഴ്ച ഒരാഴ്ച തികയുമെങ്കിലും കാര്യമായ തുമ്പൊന്നും ഇതുവരെ പോലീസിന് കിട്ടിയിട്ടില്ല.
അധോലോക നായകൻ രവി പൂജാരിയെന്ന് അവകാശപ്പെട്ടയാൾ മാധ്യമ സ്ഥാപനത്തിലേക്ക് വിളിച്ച് തന്റെ ആളുകളാണ് വെടിവച്ചതെന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോൾ ഓസ്‌ട്രേലിയയിലാണെന്ന് കരുതുന്നയാൾ ഒരു മലയാളം സ്ഥാപനത്തിലേക്ക് വിളിക്കണമെങ്കിൽ പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ അനുമാനം. കേസുമായി ബന്ധപ്പെട്ടവർ ഇപ്പോഴും ഇവിടെയുണ്ടാകാം. മറ്റെവിടെ നിന്നെങ്കിലുമുള്ളവർ പ്രാദേശികമായി നൽകിയ ക്വട്ടേഷനാണോയെന്ന് ആദ്യം മുതൽ പോലീസ് സംശയിക്കുന്നുണ്ട്. അല്ലെങ്കിൽ അക്രമിസംഘത്തെ സഹായിക്കാൻ മറ്റാരെങ്കിലും ഇവിടെയുണ്ടാകാം.
നടിയുടെ മൊഴികളിൽ കൂടുതൽ വ്യക്തത തേടാൻ അവരെ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു. ഏതു സമയത്തും അന്വേഷണത്തോട് സഹകരിക്കുമെന്ന് ലീന മരിയ പോൾ പറഞ്ഞു. കടുത്ത ശ്വാസംമുട്ടലിന് ചികിത്സയിലാണിവർ. എവിടെയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് മാത്രമെ വെളിപ്പെടുത്തിയിട്ടുള്ളൂ. സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാലാണിത്. അക്രമികളെ കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം നടത്തണമെന്നാണ് അവരുടെ ആവശ്യം.
തനിക്കെതിരേ ചെന്നൈയിലുള്ള സി.ബി.ഐ. കേസിൽ കുറ്റവിമുക്തയായതാണെന്ന് നടി പറയുന്നു. തന്റെ മുൻകാല കേസുകളും ഇതുമായി ബന്ധമില്ലെന്നും ഈ കേസിൽ താൻ ഇരയാണെന്നും അവർ പറയുന്നു.
കടവന്ത്രയിലെ ‘ദി നെയ്ൽ ആർട്ടിസ്ട്രി’ എന്ന സ്ഥാപനത്തിൽ ഇനി പോലീസ് നിരീക്ഷണമുണ്ടാകും. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് കിട്ടിയ പെല്ലറ്റ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് കേസന്വേഷിക്കുന്ന തൃക്കാക്കര എ.സി.പി. പി.പി. ഷംസ് പറഞ്ഞു. ലീന മരിയ പോൾ ഉൾപ്പെട്ട മുൻ കേസുകളുടെ പൂർണ വിവരം ലഭിച്ചാലെ അക്രമത്തിന്റെ കാരണത്തിലേക്ക് എത്താൻ കഴിയൂ എന്ന് പോലീസ് കരുതുന്നു. അല്ലെങ്കിൽ പ്രതികളെ കിട്ടണം. ഇപ്പോഴും ഇതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല. മറ്റൊരാളെ കൊല്ലാനാണ് ലീന മരിയയെ ഭയപ്പെടുത്തിയതെന്ന് രവി പൂജാരി എന്ന് അവകാശപ്പെട്ടയാൾ മാധ്യമ സ്ഥാപനത്തോട് പറഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് സുകേഷ് കുമാർ ഇപ്പോൾ ജയിലിലാണ്. ജയിലിലുള്ളയാളെയാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. 25 കോടി എന്ന വലിയ തുക ആവശ്യപ്പെടാനുള്ള സാഹചര്യവും മനസ്സിലായിട്ടില്ല. ലീന മരിയ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും അതിനാലാണ് പണം ആവശ്യപ്പെടുന്നതെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. ഇതും സംശയങ്ങൾ ഉയർത്തുന്നുണ്ട്.
Content Highlight: kochi gangster fire convict got local support