കഴക്കൂട്ടം: തിരുവനന്തപുരത്തും ആലപ്പുഴയിലും നടന്ന രണ്ട് എ.ടി.എം.കവര്‍ച്ചയ്ക്കും രണ്ട് എ.ടി.എമ്മുകളിലെ മോഷണ ശ്രമങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമെന്ന് പോലീസ് കണ്ടെത്തി. വിരലടയാള പരിശോധനയില്‍ നിന്നാണ് നാലിടത്തും ഒരേ സംഘമാണെന്ന് സ്ഥിരീകരിച്ചത്.
മോഷണത്തിനുപിന്നില്‍ അന്തസ്സംസ്ഥാന മോഷ്ടാക്കളാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ നാഷണല്‍ ക്രൈം െറക്കോഡ്‌സ് ബ്യൂറോയുടെ സഹായവും തേടിയിട്ടുണ്ട്.
ഹരിപ്പാട്, ചെങ്ങന്നൂര്‍, മാരാരിക്കുളം, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതില്‍ ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ മോഷണശ്രമം വിജയിച്ചില്ല. മാരാരിക്കുളത്തുനിന്ന് മൂന്നര ലക്ഷവും, കഴക്കൂട്ടത്തുനിന്ന് പത്തുലക്ഷത്തിലേറെ രൂപയുമാണ് കവര്‍ന്നത്. എല്ലായിടത്തും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം.മുറിച്ചുമാറ്റുകയായിരുന്നു.
പുലര്‍ച്ചെയാണ് എല്ലാ മോഷണശ്രമങ്ങളും നടന്നത്. ഹരിപ്പാട് മോഷണത്തിനിടെ, എ.ടി.എമ്മില്‍ നിന്ന് പണം എടുക്കാനെത്തിയ ഓട്ടോ ഡ്രൈവറെ കണ്ട് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഇതും വെള്ള നിറത്തിലുള്ള വാഹനമായിരുന്നു. കഴക്കൂട്ടത്തും ക്യാമറകളില്‍ കണ്ടെത്തിയത് ഉത്തരേന്ത്യന്‍ നമ്പരുള്ള വെള്ളവാഹനം തന്നെയാണ്. എന്നാല്‍, വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആംബുലന്‍സിന്റേതാണ് നമ്പര്‍. ഇതേ തരത്തിലുള്ള മോഷണങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് കേരള പോലീസ്.
സംഘത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്കൊപ്പം മലയാളി സാന്നിധ്യവും സംശയിക്കുന്നുണ്ട്. കഴക്കൂട്ടത്തെ മോഷണം കഴിഞ്ഞ് തൊട്ടടുത്തദിവസം ഉച്ചയോടെ തന്നെ വാഹനം വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. സ്ഥലത്തെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ സെല്ലിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.