കൊച്ചി: കരാട്ടെ ക്ലാസിനെത്തിയ പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ കരാട്ടെ അധ്യാപകൻ വൈപ്പിൻ സ്വദേശി ജിബിൻ (39) എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 28-ന് ജിബിൻ വടുതലയിലുള്ള ഫ്ളാറ്റിൽ പെൺകുട്ടികൾക്ക് കരാട്ടെ ക്ലാസ് എടുക്കാൻ എത്തി. ആഴ്ചയിൽ മൂന്ന് ക്ലാസുകളാണ് ഉണ്ടായിരുന്നത്. തുടക്കത്തിൽ കൂടുതൽ കുട്ടികൾ ക്ലാസിൽ എത്തിയിരുന്നു. എന്നാൽ, കുട്ടികളുടെ എണ്ണം ദിവസം കഴിയുന്തോറും കുറഞ്ഞു വന്നു.
കുട്ടികളോട് കരാെട്ട ക്ലാസിനു പോകാത്തതെന്തേ എന്ന് മാതാപിതാക്കൾ തിരക്കിയപ്പോഴാണ് ലൈംഗിക അതിക്രമ വിവരം പുറത്തു വരുന്നത്. തുടർന്ന് മാതാപിതാക്കൾ എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. 10, 13, 14 വയസ്സുള്ള കുട്ടികൾക്കെതിരേയാണ് പ്രതി ലൈംഗിക അതിക്രമം കാട്ടിയത്. കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതി പോലീസിനോട് കുറ്റങ്ങളെല്ലാം സമ്മതിച്ചു. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
2013-ൽ പള്ളുരുത്തിയിലെ സ്‌കൂളിലെ കുട്ടികൾക്കെതിരേ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിലും പ്രതിക്കെതിരേ കേസ് നിലവിലുണ്ടെന്ന് എറണാകുളം എ.സി.പി. പി.എസ്. സുരേഷ് പറഞ്ഞു. നോർത്ത് സി.ഐ. സിബി ടോമിന്റെ നിർദേശാനുസരണം എസ്.ഐ.മാരായ രാജൻ ബാബു, അനസ്, എ.എസ്.ഐ. ശ്രീകുമാർ, സീനിയർ സി.പി.ഒ. റെക്‌സിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: karate teacher arrested for sexual assault case
Share this Article
Related Topics