കോയമ്പത്തുർ: തൃശ്ശൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവരികയായിരുന്ന കല്യാൺ ജൂവലേഴ്സിന്റെ 98 ലക്ഷം രൂപ വിലവരുന്ന സ്വർണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ ഒരാളൊഴികെ 14 പ്രതികളും അറസ്റ്റിലായി. ഇവരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. ജൂവലേഴ്‌സിലെ മുൻജീവനക്കാരനായ റെനുപാണ് സുഹൃത്തും തൃശ്ശൂരിൽ ഓട്ടോ ഡ്രൈവറുമായ കണ്ണനുമായി ചേർന്ന് സ്വർണം തട്ടിയെടുക്കാൻ ആദ്യം പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
നേരത്തേ രണ്ടുപേർ ചെന്നൈ കോടതിയിൽ കീഴടങ്ങിയിരുന്നു. രണ്ടുപേരെ ആന്ധ്ര പോലീസും അറസ്റ്റുചെയ്തു. ഫിറോസ്, തൃശ്ശൂർ സ്വദേശി കണ്ണൻ, എറണാകുളം സ്വദേശി ഹബീബ്, ഇടുക്കിയിലെ റിൻഷാദ്, പത്തനംതിട്ടയിലെ വിപിൻ സംഗീത്, തൃശ്ശൂരിലെ റെനൂപ്, ഫിറോസ്, അതീഖ് ബാഷ, രാജശേഖരൻ, റിസ്വാൻ ഷെരീഫ്, മെഹ്ബൂബ് ബാഷ്, സാദിഖ് ഹുസൈൻ, സയ്യിദ് നയീൻ, അബ്ദുൾ റഹീം എന്നിവരാണ് കോയമ്പത്തൂർ പോലീസിന്റെ പിടിയിലായത്.
ജയപ്രകാശ്, തമിഴ്‌സെൽവൻ എന്നിവർ ചെന്നൈയിൽ കീഴടങ്ങി. ഷമ, അഹമ്മദ് സലീം എന്നിവരെ ആന്ധ്ര പോലീസും അറസ്റ്റുചെയ്തു. മൊത്തം 18 പേരാണ് കേസിൽ പിടിയിലായത്. കവർച്ച ചെയ്ത ആഭരണങ്ങളിൽ ഏറെ ഭാഗവും അറസ്റ്റിലായവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ജനുവരി ഏഴിനാണ് കല്യാൺ ജൂവലേഴ്സിന്റെ 98 ലക്ഷം രൂപ വിലവരുന്ന സ്വർണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ കോയമ്പത്തൂർ കെ.ജി. ചാവടിക്ക് സമീപം കാർ തടഞ്ഞുനിർത്തി തട്ടിയെടുത്തത്. തട്ടിയെടുത്ത 3.35 കിലോഗ്രാം സ്വർണ, ഡയമണ്ട് ആഭരണങ്ങളിൽ 2.48 കിലോഗ്രാമാണ് കണ്ടെടുത്തത്. കവർന്ന 237 ഗ്രാം വെള്ളിയാഭരണങ്ങൾ മുഴുവനും കണ്ടെടുത്തു. ബാക്കിയുള്ള സ്വർണാഭരങ്ങൾകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കേസിൽ പിടികിട്ടാനുള്ള ഏക പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂർ റൂറൽ എസ്.പി. ആർ. പാണ്ഡ്യരാജന്റെ നിരീക്ഷണത്തിൽ പൊള്ളാച്ചി ഈസ്റ്റ് ഇൻസ്പെക്ടർ എ. നടേശൻ നയിച്ച പ്രത്യേക പോലീസ് സംഘം പാലക്കാട്ടുനിന്ന് പ്രതികളിൽ ചിലരെ പിടികൂടിയപ്പോൾ, ശിരുമുകൈ ഇൻസ്പെക്ടർ ഇ. ഇളങ്കോ നയിച്ച സംഘം ബെംഗളൂരുവിലുള്ള പ്രതികളേയും, പേരൂർ ഇൻസ്പെക്ടർ എച്ച്. മനോഹരന്റെ നേതൃത്തിലുള്ള പോലീസ് വെല്ലൂരും ചെന്നൈയിലുമുള്ള പ്രതികളേയും അറസ്റ്റുചെയ്തു.
കേസിലെ പ്രധാന ആസൂത്രകനെന്ന് പോലീസ് പറയുന്ന ശ്രീ പെരുമ്പുതൂർ സ്വദേശി ഫിറോസിന്റെ സഹോദരനേയും മാതാവിനേയും ആന്ധ്ര പോലീസിൽനിന്ന് വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് പോലീസ്. ഇവരെ കഴിഞ്ഞ ഏതാനും ദിവസംമുമ്പാണ് ആന്ധ്ര പോലീസ് അറസ്റ്റുചെയ്തത്. കണ്ണൻ സുഹൃത്തുക്കളായ ഹബീബ്, ഫിറോസ് എന്നിവരിലൂടെ മറ്റ് പ്രതികളുമായി വിവരം പങ്കുവെച്ചു. കേരളത്തിൽവെച്ച് സ്വർണം തട്ടിയെടുക്കാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പോലീസിന്റെ സാന്നിധ്യംകാരണം അതിന് കഴിഞ്ഞില്ല. തുടർന്നാണ് കെ.ജി. ചാവടിയിൽ സ്വർണം കൊണ്ടുവന്നിരുന്ന കാർ തടഞ്ഞുനിർത്തി മറ്റ് കാറുകളിലെത്തിയ സംഘം സ്വർണം തട്ടിയെടുത്തത്.
റിൻഷാദും വിപിനുമാണ് സ്വർണം കൊണ്ടുപോയ കാറിനെ പിന്തുടർന്ന് വിവരം മറ്റുള്ളവർക്ക് കൈമാറിയത്.
Content HIghlight: kalyan jewellers robbery