പാലക്കാട്: കോയമ്പത്തൂര്‍ ദേശീയപാതയിലെ കെ.ജി. ചാവടിയില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ 98.05 ലക്ഷത്തിന്റെ ആഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ മധുക്കര വഴുക്കുപാറയിലാണ് കാര്‍ കണ്ടെത്തിയത്.
ചെന്നൈ രജിസ്‌ട്രേഷനിലുള്ള ഈ കാര്‍ എട്ട് മാസം മുമ്പാണ് ചെന്നൈ സ്വദേശി കോയന്പത്തൂര്‍ സ്വദേശിക്ക് കൈമാറിയതെന്ന് പോലീസ് പറഞ്ഞു. കോയന്പത്തൂര്‍ സ്വദേശി മലയാളിയാണ്. ഇയാളെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരാള്‍ക്ക് കാര്‍ കൈമാറിയതായാണ് പറയുന്നത്. അവസാനം കൈമാറിയെന്ന് പറയുന്നയാളെയാണ് പോലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുവരുന്നത്. എന്നാല്‍, പലതവണ കൈമാറിയിട്ടും ചെന്നൈ സ്വദേശിയുടെ പേരുതന്നെയാണ് രജിസ്‌ട്രേഷനിലുള്ളതെന്നും പോലീസ് പറഞ്ഞു.
ജൂവലറിയുടെ വാഹനത്തെ ഇടിപ്പിച്ച് നിര്‍ത്തിയതിനെത്തുടര്‍ന്ന് ഈ കാര്‍ തകര്‍ന്നിട്ടുണ്ട്. ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്തതിനാലാവാം ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം.
സംഘത്തെക്കുറിച്ചുള്ള അന്വേഷണം വാഹനത്തില്‍ കണ്ടെത്തിയ വിരലടയാളം കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. ആഭരണങ്ങള്‍ കൊണ്ടുപോകുകയായിരുന്ന കാറടക്കമാണ് തട്ടിയെടുത്തത്. പിന്നീട് ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ മധുക്കരയ്ക്കടുത്ത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലെ വിരലടയാളങ്ങളും പരിശോധിക്കുന്നുണ്ട്.
തമിഴ്‌നാട് പോലീസ് ഫിംഗര്‍പ്രിന്റ് ബ്യൂറോ സ്ഥിരം കുറ്റവാളികളുടേതുമായി കാറില്‍ കണ്ട വിരലടയാളങ്ങള്‍ ഒത്തുനോക്കി. വിരലടയാളം തിരിച്ചറിയാന്‍ കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
കാക്കച്ചാവടിയിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് തിങ്കളാഴ്ച പകല്‍ രണ്ടോടെയാണ് തൃശ്ശൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കാര്‍ മറ്റൊരു കാറുകൊണ്ട് ഇടിപ്പിച്ചുനിര്‍ത്തി തട്ടിയെടുത്തത്. 3,107 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 243 ഗ്രാം സ്വര്‍ണം പൊതിഞ്ഞ വജ്രാഭരണങ്ങള്‍, 243 ഗ്രാം വെള്ളിയാഭരണങ്ങള്‍ എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ജൂവലറിയുടെ വാഹനത്തിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാരെ വലിച്ചിറക്കിയശേഷമാണ് പത്തംഗസംഘം ആഭരണങ്ങളുള്ള വണ്ടിയുമായി കടന്നത്.
തൃശ്ശൂര്‍-കോയമ്പത്തൂര്‍ ദേശീയപാതയില്‍ പത്തുദിവസത്തോളം കവര്‍ച്ചക്കാരുപയോഗിച്ച വണ്ടികള്‍ സ്ഥിരമായി ടോള്‍ കേന്ദ്രങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
content Highlight: kalyan jewellers gold robbery: convicts car found