പാലക്കാട്: കോയന്പത്തൂർ-പാലക്കാട് ദേശീയപാതയിലെ ചാവടിയിൽ കല്യാൺ ജൂവലറിയുടെ കാർ തടഞ്ഞ് സ്വർണാഭരണം കവർന്ന സംഘത്തിലെ നാലുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. രണ്ടുപേരെ ചെന്നൈയിൽനിന്നാണ് പിടിച്ചത്. രണ്ടുപേർ വെല്ലൂരിലെ ഏഴാംനന്പർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയവരെ കോടതി റിമാൻഡ്ചെയ്തു. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്തയാഴ്ച അപേക്ഷ നൽകുമെന്ന് തമിഴ്നാട് പോലീസധികൃതർ പറഞ്ഞു.
അറസ്റ്റിലായവരെ കോയന്പത്തൂരിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തുവരികയാണ്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ കർണാടകത്തിലും ഗോവയിലും പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുഴൽപ്പണമെന്ന് കരുതിയാണ് വാഹനം ആക്രമിച്ചതെന്നും ഇതിനുള്ള വിവരം ലഭ്യമാക്കിയത് കോടാലി ശ്രീധരൻറെ സംഘാംഗമാണെന്നും പിടിയിലായവർ മൊഴി നൽകിയതായാണ് സൂചന
കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിൽ ചാവടിക്കുസമീപം കല്യാൺ ജൂവലറിയുടെ 98.05 ലക്ഷം രൂപവിലവരുന്ന ആഭരണങ്ങളാണ് കവർന്നത്. സംഘത്തിലെ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി തമിഴ്നാട് പോലീസ് നേരത്തേ അറിയിച്ചിരുന്നു. കോടാലി ശ്രീധരന്റെ സംഘാംഗമായ മലപ്പുറം വള്ളുവമ്പ്രം സ്വദേശി നാണി എന്ന ഷംസുദ്ദീനടക്കം അഞ്ചുപേരെയാണ് തിരിച്ചറിഞ്ഞത്.
10 അംഗ കവർച്ചാസംഘത്തിലെ പ്രധാനിയാണ് ഷംസുദ്ദീനെന്നാണ് പോലീസിന്റെ നിഗമനം. സംസ്ഥാനാന്തര കുഴൽപ്പണക്കടത്ത്, സ്വർണക്കവർച്ചാ കേസുകളിൽ കുപ്രസിദ്ധരാണ് കോടാലി ശ്രീധരന്റെ സംഘം. കോയമ്പത്തൂർ എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘം മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെത്തി കേരളപോലീസിൽനിന്ന് സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു.
രണ്ട് കാറുകളിലായെത്തിയ 10 പേരടങ്ങുന്ന സംഘമാണ് കവർച്ചയിൽ പങ്കെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിലധികം സംഘങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെയാണ് കവർച്ച നടന്നതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlight: Kalyan jewellers gold robbery: 4 Arrested