കോയമ്പത്തൂർ: കല്യാൺ ജൂവലേഴ്‌സിന്റെ സ്വർണം കോയമ്പത്തൂരിൽ കൊള്ളയടിച്ച സംഭവത്തിൽ മുഖ്യ ആസൂത്രകന്‍ ഫിറോസിന്റെ സഹോദരനും അമ്മയും ആന്ധ്ര പോലീസിന്റെ പിടിയിലായി. ഫിറോസിന്റെ സഹോദരൻ അഹമ്മദ് സലീം, മാതാവ് ഷമ എന്നിവരാണ് തിരുപ്പതിയില്‍ പിടിയിലായത്.
തിരുപ്പതി റെയിൽവേസ്റ്റേഷനില്‍നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിക്കപ്പെട്ടതില്‍ അറുപതുലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ ഇവരിൽനിന്ന് കണ്ടെടുത്തതായാണ് അറിയുന്നത്. തട്ടിയെടുത്ത 267 ഡയമണ്ടുകളിൽ 26 എണ്ണം ഇവരിൽനിന്ന് കണ്ടെത്തിയതായാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം.
ഒരു കോടിയോളം വിലവരുന്ന സ്വർണം, വെള്ളി ആഭരണങ്ങളും വജ്രങ്ങളുമാണ് തട്ടിയെടുത്തത്. കൊള്ളമുതല്‍ വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഫിറോസിന്റെ നിർദേശപ്രകാരം അഹമ്മദ് സലീമും അമ്മയും അതുമായി ചുറ്റിക്കറങ്ങുകയായിരുന്നെന്നാണ് സൂചന.
ജനുവരി ഏഴിന് കാലത്ത് പതിനൊന്നരയോടെയാണ് സംഭവം. 98.5 ലക്ഷം രൂപ വിലവരുന്ന ആഭരണം കാറിൽ കൊണ്ടുപോവുമ്പോൾ ചാവടിയിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. സ്വർണം കൊണ്ടുപോവുകയായിരുന്ന കാറിനുപിന്നിൽ മറ്റൊരു കാർ ഇടിച്ചുകയറ്റുകയും ഇത് ചോദ്യംചെയ്യാൻ കാറിൽനിന്ന് വിൽഫ്രഡ് ഇറങ്ങിയപ്പോൾ മറ്റൊരു കാർ പാഞ്ഞെത്തുകയുമായിരുന്നു.
രണ്ട് കാറിൽനിന്നുമായി മുഖംമൂടി ധരിച്ച ഒമ്പതോളംപേർ ഇറങ്ങി ഡ്രൈവര്‍ അർജുനെയും വില്‍ഫ്രഡിനെയും മർദിച്ച് കാറും സ്വർണവുമായി കടന്നുകളയുകയായിരുന്നു. കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
സംഭവത്തിലുൾപ്പെട്ട രണ്ടുപേർ ചെന്നൈ കോടതിയിൽ കീഴടങ്ങിയിരുന്നു. ഫിറോസ് കഴിഞ്ഞ ദിവസം ആന്ധ്ര പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. എന്നാൽ, ഇയാളിൽനിന്ന് മോഷണവസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തിരുപ്പതി ഡി.എസ്.പി. രവിശങ്കര്‍പ്രസാദിന്റെ നേതൃത്വത്തില്‍ പോലീസ് ഇവരെ ചോദ്യചെയ്തുവരികയാണ്. ഇവരെ വിട്ടുകിട്ടുന്നതിന് കോയമ്പത്തൂര്‍ പോലീസ് തിരുപ്പതിക്ക് പുറപ്പെട്ടിട്ടുണ്ട്.
Content Highlight: kalyan jewellers gold robbery