താമരശ്ശേരി: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. സിലി വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും ജോളിയുമായി എത്തി തെളിവെടുത്തു.
വ്യാഴാഴ്ച രാവിലെ 11.30-ഓടെ പുലിക്കയത്ത് ഷാജുവിന്റെ വീട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യമെത്തിയത്. ഷാജുവും പിതാവ് സഖറിയാസും മാതാവ് ഫിലോമിനയും വീട്ടിലുണ്ടായിരുന്നു. തെളിവെടുപ്പിനിടെ ഷാജുവിനെ മാറ്റിയിരുത്തി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയുമുണ്ടായി. തെളിവെടുപ്പ് പൂർത്തിയാക്കി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്.
പിന്നീട് കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിയ അന്വേഷണസംഘം ജോളിയെ അകത്തുകയറ്റി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ചോദ്യം ചെയ്യലുമുണ്ടായി. 12.50-ന് വീട്ടിലെത്തിയ സംഘം 3.10-നാണ് മടങ്ങിയത്. ഇവിടെ ജോളിക്ക് പോലീസ് ഉച്ചഭക്ഷണം വരുത്തിച്ച് നൽകുകയും ചെയ്തു.
തുടർന്ന് പോലീസ് സംഘം ജോളിയുമായി താമരശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി. ജോളി സിലിയെ സയനൈഡ് പുരട്ടിയ ഗുളികയും വെള്ളവും നൽകി വകവരുത്തിയതായി പറയുന്ന ദന്താശുപത്രിയിൽ അരമണിക്കൂറോളം നേരം തെളിവെടുപ്പ് നടത്തി. പിന്നീട് അന്വേഷണസംഘം വടകരയിലേക്ക് മടങ്ങി.
തലശ്ശേരി ഡിവൈ.എസ്.പി. വി. വേണുഗോപാൽ, വടകര കോസ്റ്റൽ സി.ഐ. ബി.കെ. സിജു, തിരുവമ്പാടി സി.ഐ. ഷാജു ജോസഫ്, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ. ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Content Highlights: Koodathai Murder Cae, Jolly was taken to Shaju's home, Ponnamamattom home and dental hospital for further investigation