കൊച്ചി: ദുബായ് മനുഷ്യക്കടത്തു കേസില്‍ സി.ബി.ഐ. കോടതിയില്‍ വിചാരണ തുടങ്ങി. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ വഴി മലയാളി യുവതികള്‍ അടക്കമുള്ളവരെ ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്തിയ കേസിലാണ് വിചാരണ തുടങ്ങിയത്. ഷാര്‍ജ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ അകപ്പെട്ട മൂന്നു യുവതികളെ കോടതി വിസ്തരിച്ചു.
പ്രതീകാത്മക ചിത്രം
വഞ്ചിതരായ യുവതികളുടെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തേണ്ടതിനാല്‍ കേസില്‍ രഹസ്യവിചാരണയാണു നടക്കുന്നത്. കേസിലെ പ്രതികളായ കെ.വി. സുരേഷ്, ലിസി സോജന്‍, സേതുലാല്‍, അനില്‍കുമാര്‍, ബിന്ദു, ശാന്ത, എ.പി. മനീഷ്, സുധര്‍മന്‍, വര്‍ഗീസ് റാഫേല്‍, പി.കെ. കബീര്‍, സിറാജ്, പി.എ. റഫീഖ്, എസ്. മുസ്തഫ, താഹിര്‍ എന്നിവരാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. മനുഷ്യക്കടത്തില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകള്‍ ഒരുമിച്ചാണ് വിചാരണ ചെയ്യുന്നത്.
2013ല്‍ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീടാണ് സി.ബി.ഐ. ഏറ്റെടുത്തത്. കൊടുങ്ങല്ലൂര്‍ വലപ്പാട് സ്വദേശി കെ.വി. സുരേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്കു കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. മസ്‌കറ്റ്, ഷാര്‍ജ, ദുബായ്, അജ്മാന്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. കുറ്റപത്രത്തിനൊപ്പം 93 സാക്ഷികളുടെ പട്ടികയാണ് സി.ബി.ഐ. സമര്‍പ്പിച്ചിട്ടുള്ളത്. പോലീസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എം. റനീഷിനെ സി.ബി.ഐ. മാപ്പുസാക്ഷിയാക്കി.
വിദേശത്തു മികച്ച ജോലിവാഗ്ദാനം ചെയ്താണ് പ്രതികള്‍ ഇരകളെ ആകര്‍ഷിച്ചതെന്നാണ് സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജയാത്രാരേഖകളിലാണ് ഇവരെ വിദേശത്തേക്കു കടത്തിയത്. കഴക്കൂട്ടം സ്വദേശിനിയായ യുവതി മലയാളി സംഘടനകളുടെ സഹായത്തോടെ ഷാര്‍ജയില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയതോടെയാണ് മനുഷ്യക്കടത്തു റാക്കറ്റിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കള്ളപാസ്‌പോര്‍ട്ടില്‍ മുംബൈ വിമാനത്താവളത്തില്‍ യുവതി പിടിയിലാകുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് അവര്‍ അകപ്പെട്ട ചതിയെക്കുറിച്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതികള്‍ മനുഷ്യക്കടത്ത് നടത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.