കൊടുങ്ങല്ലൂർ: മുനമ്പം കേന്ദ്രീകരിച്ച് ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയിക്കുന്ന സംഘം സഞ്ചരിച്ച ബോട്ടുവാങ്ങിയത് സംബന്ധിച്ച ചർച്ചകളും കച്ചവടവും നടന്നത് കൊടുങ്ങല്ലൂരിലെന്ന് സൂചന. കൂടുതൽ അന്വേഷണത്തിനായി കൊടുങ്ങല്ലൂർ പോലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. തമിഴ്‌നാട് ക്യൂ പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഘം കടന്നതായി പറയുന്ന ദയാമാതാ ബോട്ട് ഒരുകോടി രണ്ടുലക്ഷം രൂപയ്ക്ക് തമിഴ്‌നാട് തിരുവാളൂർ സ്വദേശിയും കോവളം വേങ്ങാനൂരിൽ താമസക്കാരനുമായ ശ്രീകാന്തും വൈപ്പിൻ സ്വദേശി അനിൽകുമാറും ചേർന്ന് വാങ്ങുന്നതിന് ജനുവരി ഏഴിനാണ് കരാർ ഉറപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബോട്ടിന്റെ മുൻ ഉടമസ്ഥൻ വൈപ്പിൻ സ്വദേശി ജിബിൻ ആന്റണിയെയും പ്രധാന ഇടനിലക്കാരനായ ചെറായി സ്വദേശി ഉണ്ണിയെയുമടക്കം എട്ടോളം പേരിൽനിന്ന് കൊടുങ്ങല്ലൂർ പോലീസ് മൊഴിയെടുത്തു.
നവംബർ, ഡിസംബർ മാസങ്ങളിൽ പലതവണ കൊടുങ്ങല്ലൂരിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീകാന്തിന്റെ മൊബൈൽ ഫോണിലെ ആറുമാസത്തെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിൽനിന്നും ഏറ്റവും അധികംവിളിച്ചിട്ടുള്ള 18-ഓളം ഫോൺ നമ്പറുകൾ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്ന ശേഷം സ്വിച്ച് ഓഫാണ്. ഉണ്ണിയുടെ നമ്പർ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. അതനുസരിച്ചുള്ള അന്വേഷണത്തിലാണ് ബോട്ടുകൈമാറ്റത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുള്ളത്.
പ്രത്യേകാന്വേഷണ സംഘവും ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റൽ ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയ വിവിധ അന്വേഷണ ഏജൻസികൾ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചും അന്വേഷണമാരംഭിച്ചു. ശ്രീകാന്തും സംഘവും താമസിച്ചതായി തെളിവുലഭിച്ച കൊടുങ്ങല്ലൂരിലെ ഹോട്ടലുകളിലെ നിരീക്ഷണക്യാമറകളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Content Highlight: human trafficking: the boat selling from kodungallur