കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് സംഭവത്തിൽ എൽ.ടി.ടി.ഇ. ബന്ധം സ്ഥിരീകരിച്ച് മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ട്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ വീട്ടിൽ കേരള പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചു ശ്രീലങ്കൻ പാസ്പോർട്ട് കണ്ടെത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് മിലിട്ടറി ഇന്റലിജൻസിനെ നിർണായക കണ്ടെത്തലുകളിൽ എത്തിച്ചത്.
തമിഴ് വംശജരായ ശ്രീലങ്കൻ ബന്ധമുള്ളവരാണ് ഇതിന്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ട ശെൽവരാജൻ, ശ്രീകാന്തൻ, പാണ്ഡ്യൻ തുടങ്ങിയവരെന്നതിന് മിലിട്ടറി ഇന്റലിജൻസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പോലീസ് കസ്റ്റഡിയിലുള്ള പ്രഭു ദണ്ഡപാണിയുടെ മുൻതലമുറ ശ്രീലങ്കക്കാരാണ്. പ്രഭുവിന് എൽ.ടി.ടി.ഇ. ബന്ധമുണ്ടെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ ആന്ധ്രാക്കാരനെന്നായിരുന്നു പ്രഭു പറഞ്ഞിരുന്നത്.
സാമ്പത്തികലാഭമില്ലാതെ ജോലിക്കായി ഇത്രയും ആളുകളെ കടത്താൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഇന്റലിജൻസ്. കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) സമാന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശബന്ധങ്ങളുള്ള കേസായതിനാലാണിത്. പോലീസിന് ഇതുവരെ ലഭിച്ച വിവരങ്ങളെല്ലാം എൻ.ഐ.എ.യ്ക്ക് കൈമാറിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ശ്രീകാന്തനെപ്പറ്റിയാണ് എൻ.ഐ.എ. അന്വേഷണം തുടങ്ങുന്നതെന്നാണ് സൂചനകൾ. ഇടനിലക്കാരനായ പ്രഭു ദണ്ഡപാണിയെയും ചോദ്യംചെയ്യുന്നുണ്ട്. മുനമ്പം മനുഷ്യക്കടത്തിനുപിന്നിൽ പ്രവർത്തിച്ചവർക്ക് രാജ്യാന്തര മനുഷ്യക്കടത്ത് സംഘവുമായി അടുത്തബന്ധമുണ്ടെന്ന നിഗമനത്തിൽ പോലീസിന് ലഭിച്ച തെളിവുകൾ എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്. ശ്രീകാന്തന്റെ ബാങ്ക് അക്കൗണ്ടിൽ വലിയ തുകയുടെ ഇടപാടുകൾ നടന്നതും പരിശോധനയിൽ ഉൾപ്പെടും.
സംഘം ജാവ ദ്വീപിൽ
മുനമ്പം തീരത്തുനിന്ന് ബോട്ടിൽ ഇൻഡൊനീഷ്യ ലക്ഷ്യമാക്കി നീങ്ങുന്ന മനുഷ്യക്കടത്ത് സംഘം വഴിമധ്യേ ജാവ ദ്വീപിൽ എത്തിയതായി സൂചന. ഇവിടെ തങ്ങി ഇന്ധനവും ഭക്ഷണവും സംഘടിപ്പിച്ചശേഷമായിരിക്കും തുടർയാത്രയെന്നാണ് പോലീസ് കരുതുന്നത്.
പത്തുദിവസംമുമ്പ് യാത്രതിരിച്ച സംഘം ആഴക്കടൽ മീൻപിടിത്തക്കാരെന്ന വ്യാജേനെയാണ് അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ സഞ്ചരിക്കുന്നത്. ഇപ്പോൾ ഏകദേശം 4000 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. 500 ടൺ കേവ് ഭാരമുള്ള ഇവർ സഞ്ചരിക്കുന്ന ബോട്ട് മണിക്കൂറിൽ 15 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.
മുനമ്പത്തുനിന്ന് ബോട്ടിൽ 8000 ലിറ്റർ ഡീസൽ നിറയ്ക്കുകയും 5000 ലിറ്റർ ശേഖരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഹാർബറിലെയും തീരത്തെയും തൊഴിലാളികൾക്ക് സംശയം തോന്നാതിരിക്കാൻ മത്സ്യബന്ധനത്തിനെന്ന വ്യാജേന ഐസ് കട്ടകളും കയറ്റി. പുറംകടലിൽ ഐസ് കട്ടകൾ ഉപേക്ഷിച്ചതായാണ് കരുതുന്നത്.
യന്ത്രത്തകരാർമൂലമോ മറ്റോ അപകടത്തിൽപെട്ടാൽ സ്ത്രീകളടക്കമുള്ളവർ ബോട്ടിന്റെ കാബിനുമുകളിൽ കയറി ഉറക്കെ കരയണമെന്നും അപകട അടയാളങ്ങൾ ഉയർത്തിക്കാണിക്കണമെന്നും ഏജന്റുമാർ നിർദേശം നൽകിയിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന വിദേശകപ്പലുകളും മറ്റും ഇത്തരത്തിൽ അപകടമുന്നറിയിപ്പ് നൽകുന്ന യാനങ്ങളെ രക്ഷപ്പെടുത്താൻ എത്തുമെന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്.
Content Highlight: human trafficking: LTTE relation confirmed