കൊച്ചി: എറണാകുളം മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. സംഘത്തില്‍ ഉള്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ പ്രസവിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ സംഘം ബോട്ടുമായി പുറപ്പെട്ടത് ജനുവരി 12 ന് ആകാമെന്നാണ് പോലീസ് കരുതുന്നത്. ഇത് സത്യമാണെങ്കില്‍ സംഘം പുറം കടല്‍ വിട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം.
മുനമ്പം മാല്യങ്കര കടവ് വഴി 43 അംഗ സംഘമാണ് അനധികൃതമായി വിദേശത്തേക്ക് കടന്നത്. ഇതിനിടെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ 25 ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഈ ബാഗുകള്‍ മനുഷ്യക്കടത്ത് സംഘത്തിന്റേതാകാമെന്നാണ് പോലീസ് കരുതുന്നത്.
ദീര്‍ഘ ദൂര യാത്രയുടെ സൂചന നല്‍കി ബാഗുകള്‍
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 25 ബാഗുകളും സംഘത്തിന്റെ ലക്ഷ്യം ദീര്‍ഘ ദൂരയാത്രയായിരുന്നു എന്ന് സൂചന നല്‍കുന്നതാണ്. പാക്കറ്റിലാക്കിയ ശീതളപാനീയങ്ങളും ഉണങ്ങിയ പഴങ്ങളും, വെള്ളക്കുപ്പികളുമാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. കൂടാതെ ബാഗില്‍ നിന്നും രണ്ട് സ്വര്‍ണ വളകളും വിമാനടിക്കറ്റും പോലീസ് കണ്ടെത്തിയിരുന്നു. ബാഗുകള്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ചതല്ലെന്നാണ് പോലീസിന്റെ നിഗമനം.
സംഘത്തില്‍ സ്ത്രീകളും കുട്ടികളും
മനുഷ്യക്കടത്ത് സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചു. അതിനും തെളിവ് ലഭിച്ചത് കണ്ടെത്തിയ ബാഗുകളില്‍ നിന്നാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ചെരുപ്പുകളും വസ്ത്രങ്ങളും ബാഗില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
13 കുടുംബങ്ങള്‍, നാല് ഗര്‍ഭിണികള്‍
13 കുടുബങ്ങളിലെ 43 പേര്‍. അവരില്‍ തന്നെ നാല് പേര്‍ ഗര്‍ഭിണികള്‍. ഒരു നവജാത ശിശുവും സംഘത്തിലുണ്ട്. എല്ലാവരും പുറപ്പെട്ടത് ഒരേ ഒരു ബോട്ടില്‍.
കേരളത്തിലെത്തിയത് വിനോദ സഞ്ചാരികളായി
സാധാരണ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ പോലെ ചെറായി റിസോര്‍ട്ടില്‍ മുറിയെടുത്ത സംഘമാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഞെട്ടിച്ച മനുഷ്യക്കടത്ത് സംഘമായി മാറിയത്. കേരളത്തിലെത്തിയ ശേഷം ഇവര്‍ യാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു.
ഹിന്ദി,ഇംഗ്ലീഷ്,തമിഴ്
സംഘത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകള്‍ സംസാരിക്കുന്നവരുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. തമിഴ്‌നാട് സ്വദേശികളാണ് സംഘത്തില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് എവിടെ നിന്നുള്ളവരാണെന്നാതാണ് പോലീസിനെ കുഴക്കുന്നത്.
കരപറ്റാന്‍ വേണ്ടത് 30 ദിവസം
ഓസ്‌ട്രേലിയയെ ലക്ഷ്യമാക്കി ജനുവരി 11 ന് പുറപ്പെട്ട സംഘം ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ കുറഞ്ഞത് 30 മുതല്‍ 35 ദിവസം വരെയെങ്കിലും വേണം. ഇവര്‍ യാത്ര പുറപ്പെടും മുമ്പ് മുനമ്പത്തെ പമ്പില്‍ നിന്ന് 10 ലക്ഷം രൂപയ്ക്ക് ഇന്ധനം ശേഖരിച്ചതായും പോലീസിന് വിവരം ലഭിച്ചു. മുനമ്പത്തെ ദയാമാത എന്ന ബോട്ടിലാണ് സംഘം വിദേശത്തേക്ക് കടന്നത്. ഒരു കോടിയിലേറെ രൂപയ്ക്ക് തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിയാണ് ഈ ബോട്ട് വാങ്ങിയത്. എന്നാല്‍ ഇയാളുടെ മേല്‍വിലാസം വ്യാജമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
യാത്ര തുടങ്ങിയത് ഡല്‍ഹിയില്‍ നിന്ന്
സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട അഞ്ച് പേര്‍ ചെന്നൈയിലെത്തി സംഘം വിപുലപ്പെടുത്തുകയായിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ യാത്രാ രേഖകള്‍ പോലീസിന് ലഭിച്ചു. ഡിസംബര്‍ 22നാണ് ഇവര്‍ ചെന്നൈയിലെത്തുന്നത്. പിന്നീട് സംഘം വിപുലപ്പെടുത്തി കൊച്ചിയിലെത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലക്ഷ്യം പൗരത്വം
അനധികൃതമായി ഓസ്‌ട്രേലിയന്‍ തീരത്ത് എത്തിയ ശേഷം സ്ഥിരതാമസക്കാരായി ഓസ്‌ട്രേലിയന്‍ പൗരത്വം സ്വന്തമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇതിനായി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായവും ലഭിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസും കോസ്റ്റ് ഗാര്‍ഡും
കണ്‍മുന്നിലൂടെ രക്ഷപ്പെട്ട മനുഷ്യക്കടത്ത് സംഘത്തെ എങ്ങനെയെങ്കിലും കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്. ഇതിനായി കോസ്റ്റ് ഗാര്‍ഡിന്റെ സഹായവും തേടിയിട്ടുണ്ട്. പുറം കടലില്‍ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തുന്നതോടെ സംഘത്തെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Content Highlight: human trafficking From Kochi to Australia