കൊച്ചി: മുനമ്പം മനുഷ്യക്കടത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. സംഭവത്തിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തൻ ഈ സംഘവുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
ഓസ്‌ട്രേലിയയിലേക്ക് നേരത്തേയും ശ്രീകാന്തൻ ആളുകളെ കടത്തിയിരുന്നു. അന്താരാഷ്ട്ര സംഘത്തിലെ ചിലരുടെ സഹായത്തോടെയായിരുന്നു ഇതെന്നാണ് പോലീസ് കണ്ടെത്തൽ.
വിദേശത്തുള്ള ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ ശ്രീകാന്തൻ പണമിടപാടുകൾ നടത്തിയതിനും തെളിവുണ്ട്. മനുഷ്യക്കടത്ത് സംഘത്തിലെ ചിലരുടെ അക്കൗണ്ടുകളിലാണ് പണമിടപാടുകൾ നടന്നതെന്നാണ് സംശയിക്കുന്നത്.
സംഘത്തിൽപ്പെട്ട പലർക്കും ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ബന്ധുക്കളുള്ളതായും പോലീസിന് വിവരം കിട്ടി. ഇവരുടെ സഹായത്തോടെയാണ് മനുഷ്യക്കടത്തിന് ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസീലൻഡിലെയും ബന്ധുക്കളുടെ പൂർണവിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.
മനുഷ്യക്കടത്ത് സംഘത്തിന്റെ യാത്രസംബന്ധിച്ച കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്. ഇവർ കയറിയെന്നുകരുതുന്ന ബോട്ടിന്റെ സാന്നിധ്യം ഇതുവരെ കടലിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Content Highlight: human trafficking: deep relation with international gang