തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്തിനു പിന്നിലെ സൂത്രധാരൻ തമിഴ്‌നാട് സ്വദേശി ശ്രീകാന്തന് സ്വിസ്ബാങ്കിൽ അക്കൗണ്ടുള്ളതായി പോലീസ്. കോവളം വെണ്ണിയൂർ പള്ളിവിളയിലുള്ള ആഡംബര വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്വിസ് ബാങ്കിൽ ഇയാൾക്ക് വൻ നിക്ഷേപം ഉള്ളതായി രേഖകൾ ലഭിച്ചത്. ഇയാളുടെ വിദേശനിക്ഷേപത്തിന് പിന്നിലെ കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
മനുഷ്യക്കടത്തിലൂടെ ലഭിച്ച പണമാണോ സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിച്ചതെന്ന് കണ്ടെത്തണം. ഇതിന് പോലീസ് കേന്ദ്രഏജൻസികളുടെ സഹായം തേടിയേക്കും. ശ്രീലങ്കൻ വംശജനായ ഇയാൾ തമിഴ്‌നാട് വഴി മൂന്നുവർഷംമുമ്പാണ് കോവളത്ത് എത്തിയത്. പലിശയ്ക്ക് പണംകൊടുക്കുന്നതിനു പുറമേ തുണിവ്യാപാരവും ചെയ്തിരുന്നു. വലിയവിളയിലും വീടുണ്ടായിരുന്നു. ഇതിപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ശ്രീകാന്തൻ സാറ്റ്‌ലൈറ്റ് ഫോൺ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വെങ്ങാനൂർ ജങ്‌ഷനിൽ ഇയാൾ നടത്തിയിരുന്ന തുണിക്കട പൂട്ടിയിട്ടിരിക്കുകയാണ്.
ശ്രീലങ്കൻ അഭയാർഥിയായതിനാൽ ശ്രീകാന്തന് നേരിട്ട് ബോട്ട് വാങ്ങാൻ കഴിയുമായിരുന്നില്ല. അതിനാൽ ബോട്ടിനുവേണ്ടി മുടക്കിയ തുകയുടെ 70 ശതമാനവും സഹായി അനിൽകുമാറിന്റെ പേരിലായിരുന്നു. ഈ രേഖ കണ്ടെടുത്തു. ശ്രീകാന്തനും മനുഷ്യക്കടത്ത് സംഘവും ഉപയോഗിച്ചതെന്ന് കരുതുന്ന ടെമ്പോ ട്രാവലർ തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്നും പോലീസ് പിടിച്ചെടുത്തു. 30 പേർക്ക് യാത്രചെയ്യാൻ കഴിയുന്നതാണ് ഈ വാഹനം. കോവളത്ത് എത്തിയ തമിഴ് സ്വദേശികൾ ഈ വാഹനത്തിലാണ് മുനമ്പത്തേക്ക് പോയത്.
മനുഷ്യക്കടത്തിൽപെട്ട സംഘം കോവളത്തും എത്തിയിരുന്നതായി പോലീസ് കണ്ടെത്തി. തമിഴ്നാട്ടിലുള്ള ബന്ധുക്കളെന്ന് പറഞ്ഞാണ് ഇവരെ സമീപവാസികൾക്ക് പരിചയപ്പെടുത്തിയത്. സമീപവാസികളിൽനിന്നും പോലീസ് വിവരം ശേഖരിച്ചു. തമിഴ്‌വംശജരാണ് ശ്രീകാന്തനൊപ്പം ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാന്തന് ഒട്ടേറെ ആഡംബരവാഹനങ്ങൾ ഉണ്ടായിരുന്നതായും പോലീസിന് സൂചനലഭിച്ചു. ഇയാൾ കുടുംബസമേതമാണ് നാടുവിട്ടത്. മൊബൈൽഫോണുകൾ ഓഫ് ചെയ്തിട്ടുണ്ട്. റൂറൽ എസ്.പി. രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ഫേമസ് വർഗീസും സംഘവുമാണ് കോവളത്തെ അന്വേഷണം നടത്തുന്നത്.
ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന രണ്ടു പേരെ ഡല്‍ഹിയില്‍ കണ്ടെത്തി
മുനമ്പത്തുനിന്ന് ന്യൂസീലൻഡിലേക്ക് കടക്കാനെത്തിയ സംഘത്തിൽപ്പെട്ട രണ്ടുപേരെ കേരള പോലീസ് ഡൽഹിയിൽ കണ്ടെത്തി. ബോട്ടിൽ കയറാൻ കഴിയാതിരുന്ന ഡൽഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡൽഹി മദൻഗിരി അംബേദ്കർ കേളനിയിൽനിന്ന് കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലുള്ള എറണാകുളം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്യുകയാണ്.
തിരക്കിൽപെട്ട് മുനമ്പത്തുനിന്നും ബോട്ടിൽ കയറാൻ സാധിക്കാതെവന്നവരാണിവർ. ഇവരുടെ ഭാര്യമാരും കുട്ടികളും ബോട്ടിൽ കയറി പോയിട്ടുണ്ട്. ഇതിൽ പ്രഭുവിന്റെ കുട്ടിക്ക് നാലുമാസം മാത്രമാണ് പ്രായം. ചെന്നൈ വഴി ഡൽഹിലേക്ക് തിരിച്ചുപോയ ഇവർ വെള്ളിയാഴ്ച രാവിലെയാണ് താമസസ്ഥലത്ത് എത്തിയത്. ഇരുപതോളം പേർ ഇങ്ങനെ ബോട്ടിൽ കയറാനാകാതെ മടങ്ങിയെന്നാണ് വിവരം. 70 ശ്രീലങ്കൻ അഭയാർഥികളെ ദീപക് ഡൽഹിയിൽനിന്ന് ചെന്നൈവഴി കേരളത്തിലെത്തിച്ചതായും വിവരമുണ്ട്.
Content Highlight:human trafficking: accused have swiss bank account