ബെംഗളൂരില്‍ നിന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 32 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി


1 min read
Read later
Print
Share

മംഗളൂരുവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവരെയാണ് കബളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്

ബെംഗളൂരു: പഠനം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച 32 മലയാളി നഴ്സുമാരെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെടുത്തി. മംഗളൂരു കങ്കനാടിയിലെ ഹോപ്സിന്‍ എജ്യുക്കേഷന്‍ ഇന്റര്‍നാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് നഴ്സുമാരെ എത്തിച്ചത്. സ്ഥാപന ഉടമയും മലയാളിയുമായ ടോണി ടോമിനെ(40) പോലീസ് അറസ്റ്റു ചെയ്തു. നഴ്സുമാരെ നാട്ടിലേക്ക് മടക്കിയയച്ചു. മനുഷ്യക്കടത്തിന് ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ടോണിക്കെതിരേ കേസെടുത്തത്.

മംഗളൂരുവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവരെയാണ് കബളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്. കൂട്ടത്തോടെ നഴ്സുമാരെ കണ്ടപ്പോള്‍ സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അര്‍മേനിയയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രഡീഷണല്‍ മെഡിസിനില്‍ ജര്‍മന്‍ ഭാഷാകോഴ്സിലേക്കെന്നാണ് നഴ്സുമാരെ അറിയിച്ചിരുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് അര്‍മേനിയയിലേക്കുള്ള വിമാനത്തില്‍ കൊണ്ടുപോകാനായിരുന്നു പദ്ധതി. നഴ്സുമാരെ ചോദ്യം ചെയ്തതില്‍നിന്ന് എമിഗ്രഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ്സിനെക്കുറിച്ച് സംശയമുണ്ടായതിനെത്തുടര്‍ന്ന് വിമാനത്താവളം പോലീസിനെ വിവരമറിയിച്ചു. കോഴ്‌സിനെക്കുറിച്ച് പത്രപരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനവുമായി ബന്ധപ്പെട്ടതെന്ന് നഴ്സുമാര്‍ പോലീസിന് മൊഴി നല്‍കി. ജര്‍മന്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തെ പ്രമുഖ ആശുപത്രികളില്‍ ജോലി ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. വിമാന ടിക്കറ്റിനും വിസ ചെലവിലേക്കുമായി 30,000 രൂപ ഈടാക്കിയിരുന്നു. കോഴ്‌സ് ഫീസായി 1200 അമേരിക്കന്‍ ഡോളറും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അര്‍മേനിയയില്‍ ഇത്തരത്തിലുള്ള കോഴ്സ് ഇല്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കേസെടുത്തതെന്നും സ്ഥാപന ഉടമയെ അറസ്റ്റു ചെയ്തതെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കല കൃഷ്ണസ്വാമി പറഞ്ഞു. 32 നഴ്സുമാരുടെയും മൊഴി പോലീസ് ശേഖരിച്ചു. രണ്ടു മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം മടക്ക വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നും ടോണി ടോം ഉറപ്പ് നല്‍കിയിരുന്നുവെന്നും നഴ്സുമാര്‍ പറഞ്ഞു. ഇതിന് മുമ്പ് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയിലേക്ക് പഠനത്തിന് വിട്ടിരുന്നുവെന്നും ഇവര്‍ പഠനം തുടരുന്നുണ്ടെന്നും ടോണി ടോം പോലീസിന് മൊഴി നല്‍കി.

Content Highlight: Human trafficking; 32 Malayalee nurses rescued from Bengaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

തൃശ്ശൂര്‍ നഗരത്തില്‍ അനാശാസ്യം: നടത്തിപ്പുകാരി അറസ്റ്റില്‍

Sep 18, 2019


mathrubhumi

1 min

അമിതമായി ഗുളിക കഴിച്ച നിഫ്റ്റ് വിദ്യാര്‍ഥിനി ആസ്പത്രിയില്‍; അധ്യാപകനെതിരെ പരാതി, ക്യാമ്പസില്‍ അക്രമം

Aug 12, 2018