കാക്കനാട്: ഇന്‍ഫോപാര്‍ക്കിലെ ഐ.ടി. കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്ത യുവാവ് പിടിയില്‍. ആലുവ തായിക്കാട്ടുകര 'നിര്‍മാല്യം' വീട്ടില്‍ നിര്‍മല്‍ (34) ആണ് അറസ്റ്റിലായത്. രണ്ട് വിദേശ കമ്പനികളുമായി കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വെബ് സൈറ്റുകള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നശിപ്പിച്ചെന്നാണ് കേസ്.
ഇന്‍ഫോപാര്‍ക്കിലെ 'യൂണിറ്റി ബീസ്' എന്ന കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിലുള്ള കംപ്യൂട്ടറില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായ പ്രതി ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
പെര്‍ഫോമന്‍സ് മോശമായതിന്റെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് യുവാവ് അനധികൃതമായി വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ കമ്പനിയില്‍ ജോലിക്ക് കയറി. ഈ കമ്പനിയില്‍ പ്രതി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറില്‍ നിന്ന് യൂണിറ്റി ബീസ് കമ്പനിയുടെ പ്രോജക്ടിന്റെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ചാണ് സൈറ്റുകള്‍ ഹാക്ക് ചെയ്തു നശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കൃത്യത്തിനുപയോഗിച്ച കംപ്യൂട്ടറില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകളും മറ്റു തെളിവുകളും പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഇന്‍ഫോപാര്‍ക്ക് സി.ഐ. പി.കെ. രാധാമണിയുടെ നേതൃത്വത്തില്‍ എസ്.ഐ. ത്രിദീപ് ചന്ദ്രന്‍, എ.എസ്.ഐ. സജി, സീനിയര്‍ സി.പി.ഒ.മാരായ സജീഷ്, സി.പി.ഒ. ഡെല്‍ഫിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.