തിരുവനന്തപുരം: സ്വര്‍ണക്കള്ളകടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിക്ക് ബാലഭാസ്‌കറിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ഭാര്യ ലക്ഷ്മി പറഞ്ഞു. മറ്റൊരു പ്രതിയായ വിഷ്ണു സദാനന്ദനും അടുത്ത പരിചയമുള്ളയാളാണ്. എന്നാല്‍ തമ്പി അറസ്റ്റിലായെന്ന വാര്‍ത്ത വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന വാര്‍ത്തകള്‍ പലതും പെരുപ്പിച്ച നുണകളാണെന്നും ലക്ഷ്മി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'സത്യം പുറത്തുവരണം. ഞങ്ങള്‍ അപകടത്തില്‍പ്പെട്ട സംഭവം ആസൂത്രിതമാണെങ്കില്‍ അത് തെളിയിക്കപ്പെടണം. ഏത് അന്വേഷണവും ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ആ അപകടത്തില്‍ എനിക്ക് രണ്ട് പേരെയാണ് നഷ്ടമായത്. യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്''- ലക്ഷ്മി പറയുന്നു.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുയരുന്ന ആരോപണങ്ങളില്‍ പലതിനും ലക്ഷ്മിക്ക് മറുപടിയുണ്ട്. പക്ഷെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ മാധ്യമങ്ങളുടെ മുന്നിലെത്തി പ്രതികരിക്കാന്‍ കഴിയില്ല. ഇപ്പോഴും ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തുടരുകയാണ്. ഒരാളുടെ സഹായമില്ലാതെ നടക്കാന്‍ പോലും പറ്റുന്നില്ല. അതിനിടയിലാണ് സ്വര്‍ണക്കടത്തു കേസും ബാലഭാസ്‌കറിന്റെ മരണവും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്ത പ്രകാശ് തമ്പിയുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകളൊന്നും സത്യസന്ധമല്ലെന്നും ലക്ഷമി പറയുന്നു.
പ്രിയ വേണുഗോപാല്‍ ബാലുവിന്റെ അടുത്ത ബന്ധുവാണ്. അവര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന് മറുപടി പറയാന്‍ തയാറല്ല. ആ പോസ്റ്റിന്റെ ഉള്ളടക്കം മറ്റ് ചിലര്‍ പറഞ്ഞാണ് അറിഞ്ഞത്. അത് കേട്ടതോടെ അത് വായിക്കണ്ട എന്നു തീരുമാനിച്ചു.
വാഹനമോടിച്ചത് അര്‍ജുന്‍ തന്നെ, വാക്കു മാറ്റിയത് എന്തിനെന്നറിയില്ല
അപകടം നടന്നതിന് മുമ്പുണ്ടായ കാര്യങ്ങള്‍ ലക്ഷ്മി ഉപ്പോഴും ഓര്‍ത്തെടുക്കുന്നുണ്ട്. അന്ന് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ്. നല്ല ഓര്‍മ്മയുണ്ട്. കൊല്ലത്ത് എത്തി കാര്‍ നിര്‍ത്തി ബാലുവും ഡ്രൈവറും കാപ്പി കുടിച്ചിരുന്നു. അതിനു ശേഷവും അര്‍ജുന്‍ തന്നെയാണ് ഓടിച്ചത്.
പിന്നീട് പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായി തോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓര്‍മ്മയില്ല. ആശുപത്രിയിലായിരുന്നപ്പോഴും അര്‍ജുന്‍ പലരോടും പറഞ്ഞിരുന്നത് കാര്‍ ഓടിച്ചത് താന്‍ തന്നെയെന്നായിരുന്നു എന്നാണ്. എന്റെ അമ്മയോടും അങ്ങനെ തന്നെ പറഞ്ഞിരുന്നു. പറ്റിപ്പോയി, ഉറങ്ങിപ്പോയി എന്ന് പറഞ്ഞിരുന്നു. പിന്നീട് ഡിസ്ചാര്‍ജിന് ശേഷമാണ് അര്‍ജുന്‍ പോലീസിനോട് ഇതെല്ലാം മാറ്റിപ്പറഞ്ഞത്. അത് എന്താണെന്ന് അറിയില്ല. ചിലപ്പോള്‍ ഭയം കൊണ്ടായിരിക്കുമെന്ന് കരുതുന്നു. അന്ന് അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് എനിക്ക് നല്ല ഉറപ്പാണ്. ഒരു ഓര്‍മ്മക്കുറവുമില്ല. ഞാനിപ്പോഴും ജീവിച്ചിരിക്കുകയാണല്ലൊ.
പ്രകാശ് തമ്പി മാനേജരല്ല
പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്നില്ല. അങ്ങനെ മാനേജരായി നിയമിക്കാന്‍ കഴിയുമായിരുന്നില്ല. മറ്റൊരു സ്വകാര്യ കമ്പനിയിലെ സ്ഥിരം ജീവനക്കാരനാണ് പ്രകാശ് തമ്പി. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരില്‍ ഒരാള്‍ മാത്രമാണ് തമ്പി. ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പും ശേഷവും അയാള്‍ വീട്ടില്‍ വരാറുണ്ട്. അപകടം സംഭവിച്ച് ആശുപത്രിയിലായ സമയത്തും എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നയാളാണ്. പിന്നീട് എന്നെ തുടര്‍ചികിത്സകള്‍ക്കായി ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായം ചെയ്തിട്ടുമുണ്ട്. പക്ഷെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് വലിയ ഞെട്ടലായിരുന്നു. ആദ്യം വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഇപ്പോള്‍ അറിയുന്നത് തമ്പി തന്നെ കുറ്റം സമ്മതിച്ചുവെന്നാണ്. മുന്‍പ് അങ്ങനത്തെ ഇടപാടുകള്‍ ഉള്ളതായി അറിയുമായിരുന്നില്ല.
Content highlights: Gold smuggling accused Prakash thampi helped us, no connection with the case says Lakshmi