കെ.ജി. ചാവടി (കോയമ്പത്തൂര്‍): പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ തമിഴ്‌നാട്ടിലെ കെ.ജി. ചാവടിക്ക് സമീപം വന്‍ ആഭരണക്കവര്‍ച്ച. തൃശ്ശൂരില്‍നിന്ന് കോയമ്പത്തൂരിലെ കടയിലേക്ക് കൊണ്ടുപോവുകയായിരുന്ന 98.05 ലക്ഷത്തിന്റെ സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്.
തൃശ്ശൂരിലെ കല്യാണ്‍ ജൂവലറിയില്‍നിന്ന് കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമാണ് വാഹനമടക്കം കടത്തിക്കൊണ്ടുപോയതെന്ന് കോയമ്പത്തൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ആര്‍. പാണ്ഡ്യരാജന്‍ പറഞ്ഞു. വണ്ടിയില്‍ 350 പവനോളം സ്വര്‍ണമുണ്ടായിരുന്നതായാണ് പ്രാഥമികവിവരം.
വാഹനം തടഞ്ഞ് രണ്ട് ഡ്രൈവര്‍മാരെ റോഡിലിറക്കിവിട്ടശേഷമാണ് വണ്ടിയുമായി കടന്നത്.
തിങ്കളാഴ്ച പകല്‍ രണ്ടുമണിയോടെ കാക്കച്ചാവടിയിലെ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവമെന്ന് കെ.ജി. ചാവടി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരണം ഇങ്ങനെ: തൃശ്ശൂരില്‍നിന്ന് കെ.എല്‍. 08 ബി.എച്ച്. 3533 നമ്പര്‍ വാനിലാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. സ്ഥാപനത്തിന്റെ ഡ്രൈവര്‍മാരായ സി.ആര്‍. അര്‍ജുന്‍, ടി.എസ്. വില്‍ഫ്രഡ് എന്നിവരാണ് വാനിലുണ്ടായിരുന്നത്. പെട്രോള്‍ പമ്പിന് സമീപം വാഹനമെത്തിയതും പിന്നാലെയെത്തിയ കാര്‍ മുന്നില്‍ക്കയറി വാന്‍ തടഞ്ഞു. ഈ വണ്ടിക്കൊപ്പം മറ്റൊരു കാറും ഉണ്ടായിരുന്നു.
വാഹനങ്ങളില്‍നിന്ന് പുറത്തിറങ്ങിയ ആറോളം പേര്‍ ബലം പ്രയോഗിച്ച് രണ്ട് ഡ്രൈവര്‍മാരെയും റോഡിലേക്ക് തള്ളിയിട്ടു. ഇതിനുശേഷം വാന്‍ തട്ടിയെടുത്ത് കടന്നു.
മൂന്ന് വാഹനങ്ങളും കോയമ്പത്തൂര്‍ ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ജൂവലറി ഉടമകള്‍ കോയമ്പത്തൂര്‍ കെ.ജി. ചാവടി പോലീസിനും പാലക്കാട് എസ്.പി.ക്കും പരാതി നല്‍കി. നിയമപ്രകാരം എല്ലാ രേഖകളുമുള്ള സ്വര്‍ണമാണ് കവര്‍ച്ച നടത്തിയതെന്ന് ജൂവലറി ഉടമ ടി.എസ്. കല്യാണരാമന്‍ അറിയിച്ചു.
രണ്ട് ഡ്രൈവര്‍മാരെയും കെ.ജി. ചാവടി പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. സംസ്ഥാന പോലീസ് വാളയാറടക്കമുള്ള കേരളാതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പിന്തുടര്‍ന്നത് പാലക്കാടുനിന്ന്
കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ചെക്‌പോസ്റ്റുകള്‍, ടോള്‍ പിരിവ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചുവരുന്നതായി കോയമ്പത്തൂര്‍ എസ്.പി. ആര്‍. പാണ്ഡ്യരാജന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
പാലക്കാടിനടുത്തുനിന്നാണ് സ്വര്‍ണവുമായി വന്ന വാനിനെ ഇവര്‍ പിന്തുടര്‍ന്നതെന്ന് അറിവായിട്ടുണ്ട്.
പിന്തുടര്‍ന്ന വണ്ടികളുടെ ദൃശ്യങ്ങള്‍ ചെക്‌പോസ്റ്റുകളില്‍നിന്ന് വ്യക്തമായി ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് തമിഴ്‌നാട്ടിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചിട്ടുണ്ട്.
കവര്‍ച്ചയ്ക്ക് പിന്നില്‍ സ്ഥിരം കുറ്റവാളികളാവാനുള്ള സാധ്യതയുണ്ട്. കേരള പോലീസുമായി ചേര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നത്.
Content Highlight: Gold robbery in palakkad coimbatore national highway