ആലുവ: യൂണിയന്‍ ബാങ്ക് ആലുവ ശാഖയിലെ ലോക്കറില്‍നിന്ന് രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന അസിസ്റ്റന്റ് മാനേജരും ഭര്‍ത്താവും പോലീസ് പിടിയിലായി. അസി. മാനേജര്‍ അങ്കമാലി കറുകുറ്റി സ്വദേശിനി സിസ്മോള്‍ (36), ഭര്‍ത്താവ് കളമശ്ശേരി സ്വദേശി സജിത്ത് (40) എന്നിവരെയാണ് കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്.
കേസെടുത്ത് ഒരു മാസമാകുമ്പോഴാണ് ഇരുവരേയും കോഴിക്കോട്ടു നിന്ന് പോലീസ് പിടികൂടിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരേ നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളിലും ഈ നോട്ടീസ് കൈമാറിയിരുന്നു. ഇതോടെ രാജ്യത്തിനു പുറത്തേക്ക് കടക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടര കോടിയോളം രൂപയുടെ സ്വര്‍ണമാണ് കാണാതായത്. ഇടപാടുകാരില്‍നിന്ന് ബാങ്ക് ഈടായി സ്വീകരിച്ച 128 പേരുടെ 8,852 ഗ്രാം സ്വര്‍ണമാണ് സിസ്മോള്‍ മോഷ്ടിച്ചത്.
മൂന്നു വര്‍ഷത്തിലേറെയായി യൂണിയന്‍ ബാങ്കിന്റെ ആലുവ ശാഖയില്‍ സ്വര്‍ണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ സിസ്മോള്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും സമയമെടുത്താവാം 128 പേരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയതെന്നാണ് പോലീസ് നിഗമനം. ലോക്കറില്‍നിന്ന് സ്വര്‍ണ ഉരുപ്പടികള്‍ കൈക്കലാക്കിയ ശേഷം അതേ രൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ചാണ് തട്ടിപ്പ് നടത്തിയത്. സിസ്മോള്‍ ബാങ്കിന്റെ തന്നെ പഠന ക്ലാസിനു പോയ സമയത്ത് പണമടച്ച് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുത്ത ഒരാള്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതേ തുടര്‍ന്ന് ലോക്കറിലെ എല്ലാ സ്വര്‍ണവും ബാങ്ക് അധികൃതര്‍ പരിശോധിച്ച് കൂടുതല്‍ മുക്കുപണ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ആലുവ പോലീസില്‍ പരാതി നല്‍കി.
സംഭവം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ദമ്പതിമാര്‍ ഒളിവില്‍ പോയി. പലയിടങ്ങളിലായി താമസിച്ച ഇരുവരും ഒടുവില്‍ കോഴിക്കോട്ടെത്തിയപ്പോഴാണ് പിടിയിലായത്.
കൂടുതല്‍ വിവരങ്ങള്‍ ഇരുവരേയും ചോദ്യം ചെയ്താല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. കൈക്കലാക്കിയ സ്വര്‍ണം പണയം വച്ചും വിറ്റും സമ്പാദിച്ച പണം ഭര്‍ത്താവ് സജിത്ത് ഷെയര്‍ മാര്‍ക്കറ്റ് ബിസിനസില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Content Highlights: gold robbery in aluva union bank, assistant manager and husband arrested by police