തലയോലപ്പറമ്പ്: സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ തട്ടിപ്പു നടത്തിയയാളെ ജീവനക്കാരുടെ സഹായത്തോടെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. ചങ്ങനാശ്ശേരി തെക്കേനടയിൽ വീട്ടിൽ ശ്രീകാന്തിനെയാണ് (42) അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച 11-ന് തലയോലപ്പറമ്പിലെ ജൂവലറിയിൽ മോതിരം വാങ്ങാനാണ് ശ്രീകാന്ത് എത്തിയത്. ജീവനക്കാർ മോതിരം നിറച്ച ബോർഡ് നൽകി. മോതിരം നോക്കുന്നതിനിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടുഗ്രാം സ്വർണമോതിരം ബോർഡിൽവെച്ചശേഷം എട്ടുഗ്രാം മോതിരം കൈക്കലാക്കി. തുടർന്ന പണം കൈയിലില്ലന്ന് പറഞ്ഞു ഇയാൾ പോയി.
രാത്രി കട അടയ്ക്കുന്നതിനുമുമ്പ് കണക്കെടുപ്പ് നടത്തിയപ്പോഴാണ് ആറുഗ്രാം സ്വർണത്തിൻറെ കുറവുകണ്ടത്. തുടർന്ന് ജീവനക്കാർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. താലൂക്കിലെ മുഴുവൻ ജൂവലറികളിലും വിവരങ്ങൾ അറിയിച്ചു. തലയോലപറമ്പ് പോലീസ് സ്റ്റേഷനിലും പരാതിനൽകി.
ഇതിനിടെ വൈക്കത്തെ ജൂവലറിയിൽനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ജീവനക്കാർ ശ്രീകാന്തിനെ പിടികൂടി പോലീസിെന ഏൽപ്പിക്കുകയായിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്വർണ തട്ടിപ്പു കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സി.ഐ.ക്ളീറ്റസ്, എസ്.ഐ.സുധീർ, എ.എസ്.ഐ. മാത്യു, ശിഹാബ്, സുധീഷ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Content Highligts: gold robbery