ബെംഗളൂരു: മലയാളി സ്വർണവ്യാപാരിയെ കബളിപ്പിച്ച് 1.10 കോടി രൂപയുടെ സ്വർണം തട്ടിയെടുത്തതായി പരാതി. കേരളത്തിലെ ജൂവലറി വ്യാപാരി ജെറിൻ ജോസഫാണ് ബെംഗളൂരു സിറ്റി മാർക്കറ്റ് പോലീസിൽ പരാതി നൽകിയത്. രോഹിത്ത് എന്ന് പേരുള്ളയാൾ നാലുകിലോ സ്വർണം വേണമെന്നാവശ്യപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ജോസഫ് പരാതിയിൽ പറഞ്ഞു.
സ്വർണം തരാമെന്ന് ജോസഫ് സമ്മതിച്ചു. സ്വർണം ബെംഗളൂരുവിലെത്തിച്ച് കണ്ടശേഷം വാങ്ങാമെന്നാണ് രോഹിത്ത് അറിയിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വർണവുമായി ജോസഫ് ബെംഗളൂരുവിലെത്തി. സിറ്റി മാർക്കറ്റിലെ സ്വർണക്കടയിൽ എത്താനാണ് രോഹിത്ത് ആവശ്യപ്പെട്ടത്. ജോസഫ് സ്വർണമെത്തിച്ചപ്പോൾ ഹാൾമാർക്ക് പരിശോധിക്കണമെന്ന് രോഹിത്ത് ആവശ്യപ്പെട്ടു. തുടർന്ന് രോഹിത്ത് യോഗേഷ് എന്നയാൾക്കൊപ്പം ജോസഫിനെ ഹാൾമാർക്ക് പരിശോധിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് മൂന്നു മണിക്കൂർ സമയം എടുക്കുമെന്ന് പറഞ്ഞ് സെന്ററിൽ നിന്ന് ജോസഫിന് രസീത് നൽകി. മൂന്നു മണിക്കൂർ സമയമുള്ളതിനാൽ ജോസഫ് ഇവിടെനി ന്ന് മാറി.
ഇതിനിടെ ജോസഫിൽ നിന്ന് രസീതിന്റെ ഫോട്ടോ വാട്‌സാപ്പിലൂടെ രോഹിത്ത് മേടിച്ചു. എന്നാൽ, ജോസഫ് പരിശോധനാ കേന്ദ്രത്തിൽ എത്തുന്നതിന് മുമ്പ് രസീതിന്റെ ഫോട്ടോ പകർപ്പ് ഉപയോഗിച്ച് സ്വർണം വാങ്ങി രോഹിത്ത് മുങ്ങുകയായിരുന്നു. രോഹിത്തുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: gold robbery
Share this Article
Related Topics