ആഭരണനിർമാണശാലയിൽ നിന്ന്‌ സ്വർണവും പണവുമായി മുങ്ങിയ മഹാരാഷ്ട്ര സ്വദേശി പിടിയിൽ


1 min read
Read later
Print
Share

മോഷണത്തിന് ശേഷം ഒളിവിലായിരുന്ന പ്രവീൺ വിവാഹച്ചടങ്ങുകൾക്കായി വീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് പ്രവീണിന്റെ വിവാഹം നടന്നത്.

പുന്നയൂർക്കുളം: ഒന്നരവർഷം മുന്പ് ആൽത്തറയിലെ ആഭരണനിർമാണശാലയിൽ നിന്ന്‌ സ്വർണവും പണവുമായി മുങ്ങിയ മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര സാംഗ്ലി ജില്ല നെൽക്കർജി നഗർ സ്വദേശി പ്രവീൺ അൻകഷ് ഷിൻഡെ (22) യെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മോഷണത്തിന് ശേഷം ഒളിവിലായിരുന്ന പ്രവീൺ വിവാഹച്ചടങ്ങുകൾക്കായി വീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് പ്രവീണിന്റെ വിവാഹം നടന്നത്.

2017 ഡിസംബർ 30-നാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ബിക്കാജി സമ്പാജി ചവാന്റെ (രാജ് സേട്ട്) ഉടമസ്ഥതയിലുള്ള കിരൺ ബാങ്കിൾസ് എന്ന സ്ഥാപനത്തിൽ നിന്നാണ് സ്വർണവും പണവും നഷ്ടപ്പെട്ടത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രവീൺ.

സംഭവം നടക്കുന്നതിന് ആറുമാസം മുൻപാണ് പ്രവീൺ ജോലിക്കെത്തിയത്. കടയിലെ മറ്റു ജീവനക്കാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. ആഭരണ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 130 ഗ്രാം തങ്കം, 70 ഗ്രാം സ്വർണം, കൗണ്ടറിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപ എന്നിവയാണ് മോഷ്ടിച്ചത്. തുടർന്ന് ഇയാൾ മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

പ്രവീണിനായി പലതവണ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല. ഇയാൾ ഫോൺ ഉപയോഗിക്കാതിരുന്നതാണ് പോലീസിനെ വലച്ചത്. പ്രവീണിന്റെ വിവാഹം നടന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ശനിയാഴ്ച പോലീസ് മഹാരാഷ്ട്രയിലെത്തിയത്. രാത്രി ബൈക്കിൽ വരികയായിരുന്ന പ്രവീണിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

മോഷ്ടിച്ച സ്വർണം മഹാരാഷ്ട്രയിൽ വിറ്റഴിച്ചെന്ന് പ്രതി മൊഴി നൽകി. കോടതിയിൽ നിന്ന്‌ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സ്വർണം കണ്ടെടുക്കാനുള്ള നടപടി ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രവീണിനെ ആൽത്തറയിലെ ആഭരണശാലയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എസ്‌.ഐ. കെ. പ്രദീപ് കുമാർ, എ.എസ്.ഐ. പി.എം. അക്ബർ, സി.പി.ഒ. ശ്യാം കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: gold robbery

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram