സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വർണം തട്ടിയെടുത്തു


2 min read
Read later
Print
Share

വിവിധ സ്വർണക്കടകളിൽ നൽകാൻ തൃശ്ശൂരിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങി വരുന്ന വഴിയാണ് 183.5 പവന്‍ സ്വര്‍ണം അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തത്‌.

തിരുവനന്തപുരം: കാർ തടഞ്ഞുനിർത്തി സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോയോളം സ്വർണം തട്ടിയെടുത്തു. ശനിയാഴ്ച പുലർച്ചെ 4.20-ഓടെ ശ്രീവരാഹം പൊയ്യാണിമുക്കിനു സമീപമായിരുന്നു കവർച്ച.

ശ്രീവരാഹം അന്നപൂർണേശ്വരി ക്ഷേത്രത്തിനു സമീപം പറമ്പിൽ െലയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന ബിജു(50)വിന്റെ സ്വർണമാണ് നഷ്ടമായത്. തമിഴ്‌നാട് അരുമന ഐശ്വര്യ ജുവലറി ഉടമയാണ് ബിജു. വിവിധ സ്വർണക്കടകളിൽ നൽകാൻ തൃശ്ശൂരിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങി വരുന്ന വഴിയായിരുന്നു കവർച്ച. മോഷ്ടാക്കൾ സഞ്ചരിച്ച കാർ വൈകീട്ട് നെയ്യാറ്റിൻകരയിൽ നിന്ന്‌ പോലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് സ്ഥലത്ത് കാർ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ച പുലർച്ചെ ഗുരുവായൂർ-ചൈന്നെ എഗ്മോർ എക്സ്പ്രസിലാണ് ബിജു തൃശ്ശൂരിൽ നിന്ന്‌ തിരുവനന്തപുരത്തെത്തിയത്. കാറിൽ വീട്ടിലേക്കു പോകുമ്പോഴായിരുന്നു മറ്റൊരു കാറിലെത്തിയ സംഘം ആക്രമിച്ചത്. കാർ ബിജുവിന്റെ വാഹനത്തിനു മുന്നിലിട്ട് തടഞ്ഞു. ബിജുവിന്റെ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും മുളകുപൊടി വിതറുകയും ചെയ്തു. സ്വർണമടങ്ങിയ ബാഗ് എടുക്കാൻ ശ്രമിച്ചതു തടഞ്ഞ ബിജുവിനെ തള്ളിവീഴ്ത്തി അക്രമികൾ രക്ഷപ്പെട്ടു. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

തിരുവനന്തപുരം പനച്ചമൂട് ബെൻസി ജുവലറിയിലേക്കുള്ള 87.5 പവനും തമിഴ്‌നാട് നിദ്രവിളയിലെ ശങ്കർ ഗണേശ് ജുവലറിയിലേക്കുള്ള 96 പവനുമടക്കം ആകെ 183.5 പവൻ സ്വർണം ബാഗിലുണ്ടായിരുന്നുവെന്നാണ് ബിജു മൊഴി നൽകിയിട്ടുള്ളത്. അരുമനയിൽ ഐശ്വര്യ എന്ന ജുവലറി പാർട്ണർഷിപ്പിൽ നടത്തുന്നതിനൊപ്പം മറ്റു ജുവലറികൾക്കുള്ള സ്വർണവും ബിജു വാങ്ങി നൽകാറുണ്ട്. തൃശ്ശൂരിലെ ടി.വി. ഗോൾഡിൽ നിന്നാണ്‌ സ്വർണം വാങ്ങിയതെന്നും ബിജു പറഞ്ഞു.

നാലു പേരാണ് മോഷണസംഘത്തിലുണ്ടായിരുന്നത്. ഇവർ മുഖം മറയ്ക്കുന്ന തരത്തിൽ മങ്കി ക്യാപ്പ് ധരിച്ചിരുന്നു. ബിജുവിന്റെ മൊബൈൽ ഫോണും ഈ ബാഗിലുണ്ടായിരുന്നു. വിരലടയാള വിദഗ്ദ്ധരും െഫാറൻസിക് വിദഗ്ദ്ധരും കാറിൽ പരിശോധന നടത്തി.

ബിജുവിന്റെ കാറിനെ മോഷ്ടാക്കളുടെ കാർ പിന്തുടരുന്നത്, തടഞ്ഞുനിർത്തി ആക്രമിക്കുന്നത് എന്നിവയുടെ ദൃശ്യങ്ങൾ റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയിൽ നിന്ന്‌ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന്‌ മോഷ്ടാക്കൾ ബൈപ്പാസ് റോഡിലേക്കാണ് പോയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നെയ്യാറ്റിൻകരയിൽ നിന്ന്‌ വാഹനം കണ്ടെത്തിയത്.

സ്വർണ ഇടപാടുകൾ അറിയാവുന്നവരാവും മോഷണത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സ്വർണം കൊണ്ടുവരുന്ന വിവരം കൃത്യമായി അറിഞ്ഞാണ് മോഷണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Content Highlights: gold robbery

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram