ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ നിന്ന് കുഞ്ഞിന്റെ കൊലുസ് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ വയോധിക നടത്തിയ ആറുമോഷണങ്ങൾ തെളിഞ്ഞു. വിവിധ കേസുകളിലെ തൊണ്ടിമുതലായ എട്ട് പവൻ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
കൊല്ലം പരവൂർ കട്ടയിട്ടവിള വീട്ടിൽ രമ(66)യാണ് പിടിയിലായിരുന്നത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ഒരു വർഷം മുൻപ് മുതലുള്ള കേസുകൾക്ക് തുമ്പായത്.
കുഞ്ഞുങ്ങളുടെ കൊലുസുകൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് എല്ലാ കേസുകളും. മുൻപ് ഇത്തരം കേസിൽ ജയിൽശിക്ഷ ലഭിച്ച പ്രതി പുറത്തിറങ്ങിയ ശേഷം മോഷണം തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊല്ലം ഓയൂരിലുള്ള ഒരു സ്വർണക്കടയിലാണ് മോഷണമുതലുകൾ ഇവർ വിറ്റിരുന്നത്. പ്രതിയുമായി അവിടെയെത്തിയാണ് പോലീസ് സംഘം സ്വർണാഭരണങ്ങൾ വീണ്ടെടുത്തത്. ജൂൺ 23-ന് രാവിലെയാണ് രമ മണ്ണാറശാലയിൽ നിന്നും പിടിയിലായത്.
ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് മോഷണം തിരിച്ചറിഞ്ഞ ജീവനക്കാർ പ്രതിയെ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു. അന്നു തന്നെ ഇവർ ഇവിടെ നടത്തിയ മറ്റൊരു മോഷണവും തെളിഞ്ഞിരുന്നു.
ജൂൺ 16-ന് രാവിലെയും മണ്ണാറശാലയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ കൊലുസ് ഇവർ മോഷ്ടിച്ചിരുന്നു. അന്ന് ഉച്ചയ്ക്ക് 12.30-ന് കൊല്ലം ചവറ വെറ്റമുക്കിലുള്ള ഓഡിറ്റോറിയത്തിൽ നിന്നും സമാന രീതിയിൽ മോഷണം നടത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 13-ന് ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുടുംബത്തിലെ കുഞ്ഞിന്റെ കൊലുസും മോഷ്ടിച്ചു.
വീട്ടുകാർ ക്ഷേത്രത്തിൽ തൊഴുമ്പോഴും പ്രസാദം വാങ്ങാനുള്ള തിരക്കിനിടയിലുമാണ് രമ മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനായി ദർശനത്തിന് വരുന്നവരുടെ കൂട്ടത്തിലെ കുഞ്ഞുങ്ങളെ നേരത്തെ നോക്കിവയ്ക്കും. കാലിൽ കൊലുസുണ്ടെങ്കിൽ പിന്നാലെ കൂടും. ആരും ശ്രദ്ധിക്കാത്ത വിധത്തിൽ കൊലുസ് ഊരിമാറ്റാൻ പ്രത്യേക വൈദഗ്ധ്യം പ്രതിക്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ. വി.ബി.റഷീദ്, എ.എസ്.ഐ. സിയാദ്, വനിതാ സിവിൽ പോലീസ് ഓഫീസർ ലേഖ, സി.പി.ഒ. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: gold robbery