മാല മോഷ്ടിച്ചു, വഴിയില്‍ കണ്ട ബൈക്കും എടുത്തു; ഒടുവിൽ, പോലീസിന്റെ പിടിയിൽ


1 min read
Read later
Print
Share

പ്രതിയെ പിടിക്കാന്‍ പോലീസുകാർ ഓടുന്നത്‌ കണ്ട നാട്ടുകാരും സഹായിക്കാൻ ഒപ്പം കൂടി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഗണേശപുരത്തുവെച്ച് വീരമണിയെ പിടികൂടുകയായിരുന്നു.

പാലക്കാട്: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ച് പോവുന്ന വഴി വഴിയരികിൽ നിർത്തിയിട്ട മോട്ടോർ ബൈക്കും കവർന്നയാൾ അറസ്റ്റിലായി. പോലീസ് ബൈക്കിന് കൈകാട്ടിയപ്പോൾ വേഗത്തിൽ ഓടിച്ചെങ്കിലും രക്ഷപ്പെടാനായില്ല. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി വീരമണിയെയാണ് നാട്ടുകാരുടെ സഹായത്തോടെ വാളയാർ പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുലർച്ചെ വാളയാർ താമരക്കുളത്തെ മീനാക്ഷിയുടെ രണ്ടു പവൻ മാലയാണ് മോഷ്ടിച്ചത്. മുൻവശത്തെ വാതിലിന്റെ മുകളിലെ കുറ്റി മാത്രമേ ഇട്ടിരുന്നുള്ളൂവെന്നും കമ്പിയോ മറ്റോ ഉപയോഗിച്ച് ഇത് തട്ടിത്തുറക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവ സമയത്ത് മീനാക്ഷിയുടെ മകനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും വാതിൽ തുറന്നത് ആരും അറിഞ്ഞില്ലെന്നും പറയുന്നു.

വാതിൽ തുറന്നത് മകനാവുമെന്ന് കരുതി നോക്കിയില്ലെന്നും അപരിചിതൻ മുന്നിലെത്തിയപ്പോഴാണ് അറിഞ്ഞതെന്നും മീനാക്ഷി പറഞ്ഞതായി പോലീസ് പറഞ്ഞു.

ഇവിടെനിന്ന്‌ രക്ഷപ്പെടുന്നതിനിടെയാണ് മുക്രോണി സ്വദേശിയായ ദിലീപിന്റെ ബൈക്ക് മോഷ്ടിച്ചത്. വീടിന്‌ സമീപത്തെ റെയിൽവേ ഗേറ്റിനരികിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കുകയായിരുന്നുവെന്ന് വീരമണി മൊഴി നൽകിയതായും പോലീസ് പറഞ്ഞു.‌

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെയാണ് പോലീസിന്റെ പട്രോളിങ് സംഘം കൈ കാണിച്ചത്. തുടർന്ന് നിർത്താതെ പോയ മൂവരെയും പോലീസ് പിന്തുടർന്നു. പോലീസുകാർ ഓടുന്നത്‌ കണ്ട നാട്ടുകാരും സഹായിക്കാൻ ഒപ്പം കൂടി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഗണേശപുരത്തുവെച്ച് വീരമണിയെ പിടികൂടുകയായിരുന്നു. ഓടുന്നതിനിടെ വീരമണിക്ക് കാലിന് പരിക്കേറ്റെങ്കിലും വൈദ്യപരിശോധനയ്ക്ക്‌ വിധേയനാക്കിയെന്നും പോലീസ് പറഞ്ഞു.

തമിഴ്നാട്ടുകാരനാണെങ്കിലും പാലക്കാട്ട് പത്തിരിപ്പാലയിലും മറ്റുമായാണ് വീരമണിയുടെ താമസമെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി ഒരിടത്ത്‌ താമസിക്കാതെ മോഷണം നടത്തുന്നതാണ് വീരമണിയുടെ ശീലമെന്നും പോലീസ് പറയുന്നു. പിടിയിലാവാനുള്ളത് വീരമണിയുടെ സഹോദരൻ കണ്ണനും മറ്റൊരു ബന്ധുവുമാണെന്നും പോലീസ് പറഞ്ഞു.

മീനാക്ഷിയുടെയും ദിലീപിന്റെയും പരാതിയിൽ വാളയാർ പോലീസ് കേസെടുത്തു. മാല കണ്ടെടുക്കാനായില്ല.

Content Highlights: gold and bike robbery

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram